പെരിയ: ഗൂഢാലോചനയല്ല, തട്ടുകടയിലെ ചായകുടി മാത്രമെന്ന് പ്രതിഭാഗം; തട്ടുകട തന്നെയില്ലെന്ന് തെളിയിച്ച് പ്രോസിക്യൂഷൻ

Mail This Article
പെരിയ(കാസർകോട്) ∙ കൊലപാതകം നടന്ന ഫെബ്രുവരി 17ന് വൈകിട്ട് കേസിലെ 1 മുതൽ 11 വരെ പ്രതികൾ പെരിയ കല്യോട്ടിനു സമീപം ഏച്ചിലടുക്കം ബസ് സ്റ്റോപ്പിൽ ഒത്തുകൂടി കൂടി ഗൂഢാലോചന നടത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ വാദം. ഇവിടെ തട്ടുകടയിൽ ചായകുടിക്കാനാണ് ഇവർ എത്തിയതെന്നും പൊതുസ്ഥലത്തു ഗൂഢാലോചന സാധ്യമാവുമോ എന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, അവിടെ അങ്ങനെയൊരു തട്ടുകടതന്നെ ഇല്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്കു മുൻപിൽ സാഹചര്യത്തെളിവുകൾ മാത്രം നിരത്തി പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കുകയെന്നതു പ്രോസിക്യൂഷനു വെല്ലുവിളിയായിരുന്നു. ആദ്യം ക്രൈംബ്രാഞ്ചിന്റെയും പിന്നീടു സിബിഐയുടെയും അന്വേഷണസംഘങ്ങൾ ശേഖരിച്ച തെളിവുകളെല്ലാം ചങ്ങലയിലെ കണ്ണികളെന്നപോലെ കോർക്കുകയായിരുന്നു പ്രോസിക്യൂഷന്റെ ദൗത്യം.
ഇതിനായി 2 വർഷത്തോളം സിബിഐ അഭിഭാഷകൻ ബോബി ജോസഫും അസിസ്റ്റന്റ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കെ.പത്മനാഭനും അത്യധ്വാനം ചെയ്തു. തെളിവുകളും കൂറുമാറാത്ത സാക്ഷികളുമടങ്ങിയ ചങ്ങല പൊട്ടിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ല.
292 സാക്ഷികൾ; 154 പേരെ വിസ്തരിച്ചു
സിബിഐ കുറ്റപത്രത്തിൽ ആകെ 292 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 154 പേരെ വിസ്തരിച്ചു. ആഴ്ചയിൽ തുടർച്ചയായി 4 ദിവസം വീതം പെരിയ കേസിനായി മാത്രം മാറ്റിവച്ചാണ് സിബിഐ കോടതി 20 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കിയത്. സാക്ഷികളിൽ ഒരാൾപോലും കൂറുമാറിയില്ല. യഥാസമയം കോടതിയിൽ എത്തുകയും ചെയ്തു. ഭീഷണികളെപ്പോലും അവഗണിച്ച സാക്ഷികളുടെ ഉറച്ച നിലപാടിന്റെ കൂടി വിജയമാണ് കേസിലെ വിധി.
കുഞ്ഞിരാമനും മണികണ്ഠനുംസ്ഥാനം നഷ്ടമാകും
തിരുവനന്തപുരം ∙ ഇരട്ടക്കൊലക്കേസിൽ 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട കെ.വി.കുഞ്ഞിരാമനു കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സ്ഥാനവും കെ.മണികണ്ഠനു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും.
കേരള പഞ്ചായത്തീരാജ് നിയമപ്രകാരം, ക്രിമിനൽ കേസിൽ 2 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്കു സ്ഥാനത്തു തുടരാൻ അയോഗ്യതയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് നടപടി സ്വീകരിക്കേണ്ടത്. ശേഷം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണം.
സംസ്ഥാന, ജില്ലാ ലൈബ്രറി കൗൺസിലുകളിലെ ഭാരവാഹികൾ കേസുകളിൽ 3 മാസത്തിലേറെ ശിക്ഷ ലഭിച്ചാൽ അയോഗ്യരാകുമെന്നാണു കേരള പബ്ലിക് ലൈബ്രറീസ് നിയമം അനുശാസിക്കുന്നത്. ലൈബ്രറി കൗൺസിലുകളുടെ നടത്തിപ്പും ഭരണവും സിപിഎം നിയന്ത്രണത്തിലായതിനാൽ ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമോയെന്നു വ്യക്തമല്ല.
ശിക്ഷിക്കപ്പെടാൻ 15 പേർ കൂടിയുണ്ടെന്ന് കുടുംബം
പെരിയ ∙ കോടതി ശിക്ഷിച്ച 14 പേർക്കെതിരെ ഇനി അപ്പീലിനില്ലെന്ന് കുടുംബവും കോൺഗ്രസ് നേതൃത്വവും. അതേസമയം 10 പേരെ വിട്ടയച്ചതിനെതിരെയും പ്രതിപ്പട്ടികയ്ക്കു പുറത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ മറ്റ് 5 പേരെ പ്രതിചേർക്കാനും അപ്പീൽ പോകുമെന്ന് അറിയിച്ചു.
‘അരുൺ, വത്സരാജ്, വിക്രമൻ, ശാസ്താ ഗംഗാധരൻ എന്നിവർ പ്രതികളാണെന്ന് കോടതിയിൽ വാദം നടക്കുന്നതിനിടെ സി.കെ.ശ്രീധരൻ സമ്മതിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം തെറ്റായ ദിശയിലാണെന്ന് വാദിക്കാൻ വേണ്ടിയാണ് പ്രതിഭാഗം ഈ വാദം ഉന്നയിച്ചതെങ്കിലും തത്വത്തിൽ അവർ പ്രതികളാണെന്ന് സമ്മതിച്ചിരിക്കുകയാണ്. നേരത്തേ തന്നെ കുടുംബം ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നതാണ്’– രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇവരെ പ്രതികളാക്കണമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും പറഞ്ഞു.
ഈ 4 പേർക്കു പുറമേ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.പി.പി മുസ്തഫക്കെതിരെയും കേസെടുക്കണമെന്നാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആവശ്യപ്പെടുന്നത്. കൊല നടക്കുന്നതിനു മുൻപ് ഒന്നാം പ്രതി പീതാംബരനടക്കമുള്ളവർക്ക് പരുക്കേറ്റ അക്രമങ്ങളുടെ തുടർച്ചയായി നടന്ന പ്രതിഷേധ യോഗത്തിൽ കൊലവിളി പ്രസംഗം നടത്തി എന്നാണ് വി.പി.പി.മുസ്തഫയ്ക്കെതിരായ ആരോപണം. കോൺഗ്രസ് പ്രവർത്തകരുടെ ചാരം വാഴയ്ക്കു വളമിടാൻ പോലും അനുവദിക്കില്ലെന്നായിരുന്നു പ്രസംഗം.
കൊച്ചിയിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ എറണാകുളം ഡിസിസി ഓഫിസിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.