ബിജെപി: സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തുടരുന്ന തർക്കം; കേന്ദ്രശ്രമം അഭിപ്രായ ഐക്യത്തിന്

Mail This Article
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചതോടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെത്തും മുൻപ് അഭിപ്രായ ഐക്യത്തിനു നീക്കം. ഇതിനായി ദേശീയ നേതൃത്വത്തിൽനിന്നുതന്നെ ഭാരവാഹികളെത്തി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും ജില്ലാ പ്രസിഡന്റുമാരെയും ദേശീയ കൗൺസിൽ അംഗങ്ങളെയും കണ്ട് അഭിപ്രായം തേടും. ആർഎസ്എസിന്റെ കേരളഘടകം നേതൃത്വവുമായി പ്രഹ്ലാദ് ജോഷി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും.
എം.ടി.രമേശിനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന താൽപര്യം കെ.സുരേന്ദ്രനെതിരായ നിലപാടുള്ള നേതാക്കളെല്ലാവരും ഉന്നയിക്കുന്നുണ്ട്. ശോഭ സുരേന്ദ്രന്റെ പേരും ഉയർന്നുവന്നു. എന്നാൽ 2026 വരെ കെ.സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗികപക്ഷം അഭിപ്രായപ്പെടുന്നത്.
15ന് മുൻപ് സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല. മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നതേയുള്ളു. 30 ജില്ലാ കമ്മിറ്റികളും രൂപീകരിച്ച് ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിനും ശേഷമേ സംസ്ഥാന പ്രസിഡന്റു തിരഞ്ഞെടുപ്പിലേക്കു കടക്കൂ. ഫെബ്രുവരി അവസാനത്തോടെയാവും ഈ ചർച്ചകൾ പൂർത്തിയാവുക. എന്നാൽ അതിന് മുൻപ് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ നിയോഗിക്കാൻ ദേശീയ നേതൃത്വം ഒരുങ്ങുന്നുവെന്ന സൂചനയുമുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെയും വരണാധികാരിക്കെതിരെയും പരാതിയുയർന്ന സാഹചര്യത്തിൽ മേൽനോട്ടത്തിനു ഇരുപക്ഷത്തിനും താൽപര്യമുള്ള രാജീവ് ചന്ദ്രശേഖർ വന്നേക്കുമെന്നാണു വിവരം.