മുഖ്യമന്ത്രിസ്ഥാനം: ചർച്ച അനവസരത്തിലെന്ന് രമേശ്

Mail This Article
കോഴിക്കോട് ∙ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിലുള്ളതാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോൾ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രിസ്ഥാനം ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല. എല്ലാ മത, സാമുദായിക സംഘടനകളുമായി കോൺഗ്രസിനു നല്ല ബന്ധമാണുള്ളത്. ജമാ അത്തെ ഇസ്‌ലാമി ആസ്ഥാനത്തു പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാ അത്തെ ഇസ്‌ലാമി വർഗീയ സംഘടനയാണോയെന്ന് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും രമേശ് പറഞ്ഞു.
രമേശിനെ വിളിച്ചതിൽ രാഷ്ട്രീയം ഇല്ലെന്ന് പി.അബ്ദുൽ ഹമീദ്
മലപ്പുറം ∙ സമസ്തയുടെ കീഴിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലയെ വിളിച്ചതിൽ രാഷ്ട്രീയമോ ദുഷ്ടലാക്കോ ഇല്ലെന്ന് സ്ഥാപനത്തിന്റെ സെക്രട്ടറിയും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.അബ്ദുൽ ഹമീദ് എംഎൽഎ. സനദ് സമർപ്പണ സമ്മേളനത്തിന് പലപ്പോഴായി പല നേതാക്കളെയും വിളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരുന്നു. മുൻപ് കെ.മുരളീധരൻ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.