വിശ്വാസിക്ക് നിൽക്കാൻ കഴിയുക നീതിയുടെ കൂടെ മാത്രം: വി.ഡി.സതീശൻ

Mail This Article
കോട്ടയം ∙ വിശ്വാസിയായ ഒരാൾക്ക് നീതിയുടെ കൂടെയല്ലാതെ എവിടെ നിൽക്കാൻ സാധിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഓർത്തഡോക്സ് സഭ കോട്ടയം മെത്രാസന ദിനാചരണവും നസ്രാണിസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൽക്കാലിക ലാഭങ്ങൾക്കു വേണ്ടിയോ സ്ഥാനമാനങ്ങൾക്കു വേണ്ടിയോ നീതിയുടെ വഴി ഒരിക്കലും ഉപേക്ഷിക്കില്ല. ആ നീതിയുടെ വഴിയേ നടന്ന ഒരാൾ ഉറങ്ങുന്ന മണ്ണിൽ നിന്നാണ് ഈ പറയുന്നത്. ക്രിസ്തുവിന്റെ ദർശനം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ ഉമ്മൻ ചാണ്ടിയുടെ ദീപ്തമായ ഓർമയിൽ നിന്നാണ് ഇതു പറയുന്നതെന്നും സതീശൻ പറഞ്ഞു.
‘പഠനം നടത്തി കൃത്യമായി നീതിക്കു വേണ്ടി പ്രതികരിക്കണം’ എന്ന ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷപ്രസംഗത്തിനു മറുപടിയായാണു വി.ഡി.സതീശന്റെ പ്രതികരണം.
പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിലാണു മെത്രാസന ദിനാഘോഷം സംഘടിപ്പിച്ചത്.
ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് പ്രഭാഷണം നടത്തി. മെത്രാസനത്തിന്റെ വിവിധ ചാരിറ്റി പദ്ധതികളായ ഗീവർഗീസ് മാർ ഇവാനിയോസ് മെമ്മോറിയൽ ഡയാലിസിസ് കിറ്റ് വിതരണ പദ്ധതി കെ.ഫ്രാൻസിസ് ജോർജ് എംപിയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ മെമ്മോറിയൽ കാൻസർ ചികിത്സാ പദ്ധതി ചാണ്ടി ഉമ്മൻ എംഎൽഎയും ചീരഞ്ചിറ ഫാ. ടി.സി.ജേക്കബ് മെമ്മോറിയൽ ഹോളിസ്റ്റിക് ഹെൽത്ത് ഹബ് വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിലും ഉദ്ഘാടനം ചെയ്തു.
എംജി സർവകലാശാലാ സിൻഡിക്കറ്റംഗം റെജി സക്കറിയ, മെത്രാസന സെക്രട്ടറി ഫാ. കെ.എം.സഖറിയ കൂടത്തിങ്കൽ, പുതുപ്പള്ളി പള്ളി വികാരി ഫാ.ഡോ. വർഗീസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രസംഗത്തിനു ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി വി.ഡി.സതീശൻ പ്രാർഥന നടത്തി.