പുനരധിവാസം: സ്പോൺസർമാരുമായി രണ്ടാം യോഗം; വീടെണ്ണത്തിൽ ഉറപ്പ് ലഭിച്ചില്ല

Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ് നിർമിക്കുന്നതിന്റെ ഭാഗമായി സർക്കാർ വിളിച്ചുചേർത്ത സ്പോൺസർമാരുടെ രണ്ടാംഘട്ട യോഗത്തിലും വീടുകളുടെ എണ്ണത്തിൽ കൃത്യമായ ഉറപ്പു ലഭിച്ചില്ല. നിർമാണച്ചെലവു വിലയിരുത്തിയശേഷം പരമാവധി സഹായം നൽകാമെന്നാണു സ്പോൺസർമാർ അറിയിച്ചത്. ഒറ്റക്കെട്ടായി പുനരധിവാസം പൂർത്തിയാക്കുമെന്നും പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നൂറിൽ താഴെ വീടുകൾ വാഗ്ദാനം ചെയ്തവരുടെ യോഗമാണു ചേർന്നത്. നേരത്തേ, നൂറോ അതിലേറെയോ വീടുകൾ വാഗ്ദാനം ചെയ്തവരുടെ യോഗത്തിലും കൃത്യമായ എണ്ണം പറയാൻ സ്പോൺസർമാർ തയാറായിരുന്നില്ല. ആലോചിച്ചു പറയാമെന്ന മറുപടിയാണു നൽകിയത്. വീടിന്റെ നിർമാണച്ചെലവ് ഇരട്ടിയായി ഉയർന്നതാണു കാരണം. സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ചു വെബ്‌പോർട്ടൽ തയാറാക്കുമെന്നു സർക്കാർ അറിയിച്ചു. നിലവിലെ സ്‌പോൺസർമാരുടെ വിവരങ്ങളും ഭാവി സ്‌പോൺസർമാർക്കു ചേരാനുള്ള ക്രമീകരണവും ഇതിലുണ്ടാകും. ഓൺലൈൻ പേയ്മെന്റ് സൗകര്യമുണ്ടാകും. സ്‌പോൺസർമാർക്കു സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും.
മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും അവലോകനമുണ്ടാകും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സ്പോൺസറും നിർമാണക്കരാറുകാരും തമ്മിൽ ത്രികക്ഷി കരാറും ഉണ്ടാകും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി എസ്.കാർത്തികേയൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.