കേരള കോൺഗ്രസ് (എം): ക്ഷണിക്കാൻ ലീഗ് റെഡി; തിരുവമ്പാടി ജോസ് കെ.മാണിക്കു നൽകുന്നതിൽ ആലോചന പിന്നീട്

Mail This Article
മലപ്പുറം∙ കോൺഗ്രസിലെ നേതൃതർക്കങ്ങളിൽനിന്ന് അകലം പാലിക്കുമ്പോഴും യുഡിഎഫിൽനിന്ന് അകന്നു പോയ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. കേരള കോൺഗ്രസിനെ (എം) തിരികെ കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചാൽ അതിനു നേതൃപരമായ പങ്ക് പാർട്ടി വഹിക്കും. തിരുവമ്പാടി സീറ്റ് ജോസ് കെ.മാണിക്കു നൽകുന്നതുമായി ബന്ധപ്പെട്ട ആലോചന ഇതുവരെയുണ്ടായിട്ടില്ല.
യുഡിഎഫ് തീരുമാനമെടുക്കുകയും കേരള കോൺഗ്രസ് സന്നദ്ധത അറിയിക്കുകയും ചെയ്ത ശേഷം ഇക്കാര്യത്തിൽ ചർച്ചയാകാമെന്നാണു ലീഗ് നിലപാട്. കേരള കോൺഗ്രസിനെ യുഡിഎഫിൽ തിരിച്ചെത്തിക്കണമെന്നതു ലീഗിന്റെ എക്കാലത്തെയും നിലപാടാണ്.
മധ്യതിരുവിതാംകൂറിൽ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ ചോർന്നതാണു എൽഡിഎഫിന്റെ തുടർഭരണത്തിനു കാരണമെന്ന് മുസ്‌ലിം ലീഗ് നേരത്തേ വിലയിരുത്തിയതാണ്. ഭരണത്തിൽ തിരിച്ചെത്തുന്നതിന് ആദ്യം ചെയ്യേണ്ടതു യുഡിഎഫിൽ നിന്നകന്ന വിഭാഗങ്ങളെ തിരികെയെത്തിക്കുകയാണെന്ന നിലപാട് ലീഗ് മുന്നണി യോഗത്തിലും പ്രകടിപ്പിച്ചിരുന്നു.
എൻഎസ്എസുമായും ക്രിസ്ത്യൻ സഭാ നേതൃത്വവുമായും ഉള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് ഇതിൽ നിർണായകമാണ്. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ രമേശ് ചെന്നിത്തലയെ എൻഎസ്എസ് ക്ഷണിച്ചത്, സംഘടനയും കോൺഗ്രസും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ സൂചനയായാണു ലീഗ് കാണുന്നത്. വിവിധ വിഭാഗങ്ങളുമായുള്ള സമ്പർക്കത്തിനു ശശി തരൂർ നേരത്തെ ശ്രമം നടത്തിയപ്പോൾ അതിനെയും ലീഗ് പിന്തുണച്ചിരുന്നു.
കോൺഗ്രസിൽ പ്രത്യേക പദവികളില്ലാതിരുന്ന സമയത്തും മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന പല പരിപാടികളിലും രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിലേക്കുള്ള ക്ഷണവും അതേ കണ്ണിൽ കണ്ടാൽ മതിയെന്നാണു പാർട്ടി നിലപാട്.