മുനമ്പം സമരം: 25 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്ത് പതിനായിരങ്ങൾ

Mail This Article
ഫോർട്ട്‌വൈപ്പിൻ ∙ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വൈപ്പിനിൽ നടന്ന മനുഷ്യച്ചങ്ങലയിൽ പതിനായിരങ്ങൾ അണിചേർന്നു. വൈപ്പിൻ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി (ബിബിസി)യുടെ നേതൃത്വത്തിൽ ഫോർട്ട്‌വൈപ്പിൻ മുതൽ മുനമ്പം സമര കേന്ദ്രം വരെ 25 കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങലയിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യ കണ്ണി ചേർന്നു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലായിരുന്നു അവസാന കണ്ണി. ഇരു കേന്ദ്രങ്ങളിലും ഒരേസമയം ഇരുവരും ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ സന്ദേശം നൽകി. ഭരണഘടനയുടെ ആമുഖം വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം വായിച്ചു. ദേശീയ പ്രതിജ്ഞാവാചകം കൊച്ചി രൂപതാ വികാരി ജനറൽ മോൺ. ഷൈജു പടിയാരത്ത് ചൊല്ലി. ചങ്ങലയിൽ നിരന്നവർ ഏറ്റുചൊല്ലി.
മുനമ്പം നിവാസികൾ താമസിക്കുന്ന ഭൂമി വഖഫ് ബോർഡിന്റേതാണെന്നു കോടതി നിരീക്ഷണം നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ കമ്മിഷന്റെ അഭിപ്രായം ആശ്വാസം പകരുന്നതാണെന്നു ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ചൂണ്ടിക്കാട്ടി. അധർമത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണു മനുഷ്യച്ചങ്ങലയെന്നു ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു.
ചങ്ങലയ്ക്കു ശേഷം 10 കേന്ദ്രങ്ങളിൽ സമ്മേളനങ്ങൾ നടന്നു. വരാപ്പുഴ അതിരൂപത, കോട്ടപ്പുറം രൂപത, കൊച്ചി രൂപത, അങ്കമാലി-എറണാകുളം അതിരൂപത എന്നിവയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. മുനമ്പത്തു നടക്കുന്ന സമരം 85 ദിവസം പിന്നിട്ടു.