പൂരം കലങ്ങൽ: അജിത്കുമാറിന്റെ വാദം തള്ളി മനോജിന്റെ റിപ്പോർട്ട്

Mail This Article
തിരുവനന്തപുരം ∙ തൃശൂർ പൂരം കലങ്ങിയതിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ വാദങ്ങൾ ഖണ്ഡിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ട്. പൂരം കലങ്ങിയതിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നു കാട്ടി അഭ്യന്തര വകുപ്പിന് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിനു ക്ലീൻ ചിറ്റ് നൽകിയും പൂരം കലങ്ങിയതിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്തു നിർത്തിയും അജിത്കുമാർ മുൻപ് സമർപ്പിച്ച റിപ്പോർട്ടിനു വിരുദ്ധമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടാണു പൂരം കലക്കിയതെന്ന് റിപ്പോർട്ടിൽ അജിത്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പൂരം കലങ്ങിയത് പൊലീസിന്റെ മാത്രം വീഴ്ചമൂലമാണെന്നാണു മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിലുള്ളത്. ആർക്കെതിരെയും നടപടിക്കു ശുപാർശയില്ല. പൊലീസിന്റെ വീഴ്ച സമ്മതിക്കുന്നതു വഴി, പൂരം അലങ്കോലപ്പെട്ട വേളയിൽ ക്രമസമാധാനച്ചുമതല വഹിച്ചിരുന്ന അജിത്കുമാറിനു നേർക്കുകൂടിയാണ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. വെടിക്കെട്ടിന് അനുമതി നൽകുമ്പോൾ ജാഗ്രത വേണം, സുരക്ഷിത അകലം പാലിക്കണം എന്നിവയുൾപ്പെടെ പൂരം സുഗമമായി നടത്തുന്നതിനുള്ള 20 ശുപാർശകളും റിപ്പോർട്ടിലുണ്ട്.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ വീഴ്ച മനോജ് ഏബ്രഹാം പരിശോധിച്ചത്. പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യനിർവഹണത്തിൽ അജിത്കുമാർ വീഴ്ച വരുത്തിയോ എന്ന് സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബും അന്വേഷിക്കുന്നുണ്ട്.