ADVERTISEMENT

കൊച്ചി ∙ സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അശ്ലീലച്ചുവയുള്ള പരാമർശം നടത്തുന്നതു ലൈംഗിക അത്രിക്രമത്തിന്റെ പരിധിയിൽ വരുമെന്നു ഹൈക്കോടതി. ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻ ജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ. രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവർത്തകയ്ക്കു നല്ല ശരീരഘടനയാണെന്നു പറയുകയും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും മൊബൈലിൽ അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്നാണു പരാതി.

‘ബോഡി സ്ട്രക്ചർ’ നല്ലതാണെന്ന കമന്റിൽ ലൈംഗികച്ചുവയില്ലെന്നു ഹർജിക്കാരൻ വാദിച്ചെങ്കിലും പരാതിക്കാരി ശക്തമായി എതിർത്തു. പൊതുവേദികളിൽ സഹപ്രവർത്തകർക്കുമുന്നിൽ അശ്ലീല ഭാഷ ഉപയോഗിച്ച് അപമാനിക്കാറുണ്ടെന്നും ആരോപിച്ചു. 2013 ൽ ഇതിനെതിരെ എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയിരുന്നു. തുടർന്നു ഹർജിക്കാരനെ സ്ഥലംമാറ്റിയെങ്കിലും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ തുടർന്നു. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റു നമ്പറുകളിൽനിന്നു സന്ദേശം അയച്ചു. കെഎസ്ഇബി വിജിലൻസ് ഓഫിസർക്കു പരാതി നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്നാണു പൊലീസിനെ സമീപിച്ചതെന്നും അറിയിച്ചു.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളിലാണു 2017 ൽ ആലുവ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ പരിശോധിച്ചാൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രഥമദൃഷ്ട്യാ ബാധകമാകുമെന്നും കേസ് റദ്ദാക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിലൂടെ കേസിന് സ്റ്റേ അനുവദിച്ചതു നീക്കുകയും ചെയ്തു.

English Summary:

Kochi High Court Ruling: High Court rules obscene remarks about a woman's body are sexual harassment. The Kerala High Court dismissed a petition challenging a sexual harassment case against a former KSEB employee for obscene comments and messages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com