അമ്മു സജീവിന്റെ മരണം: മുൻ പ്രിൻസിപ്പലിനും അധ്യാപകനും സസ്പെൻഷൻ

Mail This Article
പത്തനംതിട്ട ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അന്നത്തെ പ്രിൻസിപ്പൽ അബ്ദുൽ സലാം, അധ്യാപകൻ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. അമ്മുവിന്റെ മരണത്തിനു മുൻപ് കുടുംബം കോളജിൽ നൽകിയ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തി പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തിയതിനാണു നടപടി. സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പി.ഹരികൃഷ്ണനാണ് നടപടിയെടുത്തത്.
അമ്മുവിന്റെ മരണത്തിനു ശേഷം വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. ആരോപണ വിധേയരായ 3 സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കോളജ് അധികൃതർക്കു വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രിൻസിപ്പലിനെയും സൈക്യാട്രി അധ്യാപകനെയും പ്രതി ചേർക്കണമെന്ന് അമ്മുവിന്റെ കുടുംബം പിന്നീട് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്കിടയിൽ തുടക്കത്തിൽ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ പ്രിൻസിപ്പൽ പരിഹരിച്ചില്ലെന്നും രേഖാമൂലം നൽകിയ പരാതി അവഗണിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പ്രതികളായ വിദ്യാർഥിനികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.നവംബർ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിനെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.