മുൻ ഡിജിപിയുടെ മകൾക്ക് മൊഴിപ്പകർപ്പ് നൽകാൻ ഹൈക്കോടതി നിർദേശം

Mail This Article
കൊച്ചി∙ മുൻ ഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്നിഗ്ധ പൊലീസ് ഡ്രൈവർ തിരുവനന്തപുരം മണ്ണൂർക്കരയില ഗവാസ്കറിനെതിരെ നൽകിയ കേസിൽ മൊഴിയുടെ പകർപ്പ് കൈമാറാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിക്കു നിർദേശം നൽകി.
ഗവാസ്കർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് ഉൾപ്പെടെ ആരോപിക്കുന്ന കേസിൽ സ്നിഗ്ധയുടെ മൊഴിയുടെ പകർപ്പ് കൈമാറാനാണു നിർദേശം നൽകിയത്. തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ റഫർ റിപ്പോർട്ടിനെതിരെ പരാതി നൽകാൻ വേണ്ടിയാണ് സ്നിഗ്ധ തന്റെ മൊഴി പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് സ്നിഗ്ധ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ റഫർ റിപ്പോർട്ടിനെതിരെ പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് നൽകാനായാണു മൊഴി പകർപ്പ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന കാരണം ഹർജിക്കാരി കാണിച്ചിട്ടുണ്ടെന്നു വിലയിരുത്തി ജസ്റ്റിസ് സി. ജയചന്ദ്രൻ മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കി.
2018 ജൂൺ 18ന് കനകക്കുന്നിൽ സ്നിഗ്ധ ഗവാസ്കറിനെ മർദിച്ചെന്നതാണു പ്രധാന കേസ്. ഗവാസ്കർ ജാതി അധിക്ഷേപം നടത്തിയെന്നു പിന്നീട് സ്നിഗ്ധ പൊലീസിനു പരാതി നൽകിയിരുന്നു.
അന്തിമ റിപ്പോർട്ട് നൽകിയ കേസുകളിൽ മതിയായ കാരണം ബോധിപ്പിച്ചാൽ അപരിചിതർക്ക് പോലും പകർപ്പ് കൈമാറാവുന്നതാണെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.