പിആർഡി വഴി പ്രചാരണങ്ങൾ ഏശുന്നില്ല; മാധ്യമ പ്രവണത പഠിക്കാൻ സർക്കാർ

Mail This Article
ആലപ്പുഴ∙ മലയാളികളുടെ മാധ്യമ ഉപയോഗവും ഈ രംഗത്തെ പുതിയ പ്രവണതകളും പഠിക്കാൻ സംസ്ഥാന സർക്കാർ 65 ലക്ഷം രൂപ ചെലവിടുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) വഴിയുള്ള പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ ഏശുന്നില്ലെന്ന ഉപദേശം കിട്ടിയതിനെ തുടർന്നാണത്രേ ഇത്. ഈ പഠനം നടത്തേണ്ട ചുമതലയും പിആർഡിക്കു തന്നെയാണ്. അതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കാൻ ഡിജിറ്റൽ സർവകലാശാലയെ ഏൽപിച്ചു. പിആർഡിയാണ് ഏജൻസിയെ തിരഞ്ഞെടുക്കുന്നതെങ്കിൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും. സർവകലാശാലയാണെങ്കിൽ അതു വേണ്ട.
രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഡിജിറ്റൽ മീഡിയ റിപ്പോർട്ട് മാതൃകയിൽ ഒരു പഠന റിപ്പോർട്ടാണ് സർക്കാർ തേടുന്നത്. പിആർഡിയിലെ പരസ്യ വിഭാഗത്തിനായി പ്രോഗ്രമാറ്റിക് മീഡിയ ബയിങ് പ്ലാറ്റ്ഫോം, വെബ്സൈറ്റുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും മെച്ചപ്പെടുത്താൻ വെബ് ആപ്ലിക്കേഷൻ എന്നിവയും സർക്കാർ പദ്ധതിയിലുണ്ട്. മാധ്യമ അഭിരുചി പഠനമാണ് ആദ്യഘട്ടത്തിൽ. ഇതിനായി മാത്രം 64.9 ലക്ഷം രൂപ ചെലവു കണക്കാക്കുന്നു.
പിആർഡിയെ കാലാനുസൃതമായി നവീകരിക്കാൻ നാലംഗ സമിതിക്കും രൂപം നൽകി. ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം സ്ഥാപക ഡയറക്ടർ ശശി കുമാർ അധ്യക്ഷനായ സമിതിയിൽ രാജീവ് രാമചന്ദ്രൻ, കിരൺ തോമസ്, റോയി മാത്യു എന്നിവരാണ് അംഗങ്ങൾ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2023ൽ ചേർന്ന യോഗമാണ് മാധ്യമ അഭിരുചി പഠിക്കേണ്ടതുണ്ടെന്ന തീരുമാനമെടുത്തത്. എന്നാൽ യോഗ്യതയുള്ള സ്ഥാപനങ്ങളൊന്നും താൽപര്യം അറിയിച്ചില്ല. ആ പദ്ധതിയാണ് ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയുമായി ചേർന്നു നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജനസമ്പർക്കം മെച്ചപ്പെടുത്താൻ 10.5 കോടി
സർക്കാരിന്റെ ജനസമ്പർക്കം മെച്ചപ്പെടുത്താൻ ‘എന്റെ കേരളം’ ഡിജിറ്റൽ പ്ലാറ്റ്ഫോം നവീകരണമുൾപ്പെടെ പരിപാടികൾക്കായി പ്രത്യേക ടീം (സ്പെഷൽ സ്ട്രാറ്റജി കമ്യൂണിക്കേഷൻ ടീം) വരുന്നു. ഇതിനായി 10.47 കോടി രൂപ ചെലവു കണക്കാക്കി സിഡിറ്റ് സമർപ്പിച്ച പദ്ധതി പിആർഡി അംഗീകരിച്ചു. പിആർഡിയുടെ വിവിധ വിഭാഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സമൂഹമാധ്യമ സംഘവും പ്രവർത്തിക്കുന്നതിനു പുറമേയാണ് പുതിയൊരു സംഘത്തെക്കൂടി ഇത്രയും പണം ചെലവിട്ടു നിയോഗിക്കുന്നത്.
പിആർഡി സംവിധാനമുള്ളപ്പോൾ സ്വകാര്യ ഏജൻസികളെ മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ വിവിധ ഓഫിസുകൾ പിആർ ജോലികൾക്കു നിയോഗിക്കുന്നതും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. ‘എന്റെ കേരളം’ നവീകരിക്കാൻ പ്രോഗ്രാം ഡയറക്ടർ, റിസർച് അസോഷ്യേറ്റ്, ക്രിയേറ്റിവ് ടീം ഹെഡ്, കണ്ടന്റ് ക്രിയേറ്റർ, മാനേജർ, ഡിസൈനർ, വിഡിയോ എഡിറ്റർ, ഫൊട്ടോഗ്രഫർ, വിഡിയോഗ്രഫർ എന്നിവരെ നിയമിക്കും. 3.42 കോടി ഇവർക്കു ശമ്പള ഇനത്തിൽ നൽകും. 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെയാണ് പദ്ധതിയുടെ ആദ്യഘട്ടം.
പിആർഡിക്കു മേൽനോട്ട ചുമതലയുണ്ടെങ്കിലും ജീവനക്കാരെ പുതുതായി നിയമിക്കും. വികസന, ക്ഷേമ പദ്ധതികളുടെ പ്രചാരണം, സമൂഹമാധ്യമ പ്രചാരണം ശക്തിപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യം. കിഫ്ബി, നവകേരള മിഷൻ, റീബിൽഡ് കേരള എന്നിവയുടെ പ്രചാരണത്തിനു പ്രത്യേക ഊന്നൽ നൽകും. പണം കിഫ്ബി വഴി ലഭ്യമാക്കുന്നതിനാൽ ഇതു ബജറ്റിന്റെ ഭാഗമാകില്ല.