ഹിൽമെൻ സെറ്റിൽമെന്റ് ഭൂമി; പട്ടികവർഗക്കാർ അല്ലാത്തവർക്ക് 5 ഏക്കർ വരെ പട്ടയം നൽകും

Mail This Article
തിരുവനന്തപുരം ∙ റവന്യു രേഖകളിൽ ‘ഹിൽമെൻ സെറ്റിൽമെന്റ്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ 5 ഏക്കർ വരെ ആദിവാസികൾ ഉൾപ്പെടെയുള്ള പട്ടികഗോത്രവർഗക്കാർ അല്ലാത്തവർക്കു പതിച്ചു കൊടുക്കാമെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ഹിൽമെൻ സെറ്റിൽമെന്റുകൾ കൈവശം വച്ചിട്ടുള്ള പട്ടികഗോത്രവർഗക്കാർ അല്ലാത്തവർക്ക് ഈ ഭൂപരിധിയിൽ നിന്നു കൊണ്ടു പട്ടയം അനുവദിക്കാൻ തഹസിൽദാർമാർക്കു റവന്യു സെക്രട്ടറി മാർഗനിർദേശവും പുറത്തിറക്കി. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജിലെ ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം അനുവദിക്കുന്നതിൽ വ്യക്തത തേടിയ എറണാകുളം ജില്ലാ കലക്ടർക്കുള്ള വിശദീകരണമായാണു റവന്യു വകുപ്പിന്റെ മാർഗനിർദേശം.
എറണാകുളത്തിനു പുറമേ ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പട്ടികഗോത്രവർഗക്കാരല്ലാത്ത കൈവശക്കാർക്കും ഇതോടെ പട്ടയം ലഭിക്കും. പട്ടികഗോത്രവർഗക്കാരുടെ ഉടമസ്ഥതയിലോ അവർക്കായി നീക്കിവയ്ക്കപ്പെട്ടതോ ആയ ഭൂമി ഇതര വിഭാഗത്തിലെ വ്യക്തിക്കു കൈമാറ്റം ചെയ്യുന്നതു നിയമവിരുദ്ധമാണെന്നു വ്യവസ്ഥ ചെയ്തു സംസ്ഥാന സർക്കാർ 1999ൽ ‘കേരള പട്ടിക ഗോത്രവർഗക്കാരുടെ ഭൂമി കൈമാറ്റ നിയന്ത്രണവും പുനഃസ്ഥാപനവും’എന്ന നിയമം നടപ്പാക്കിയിരുന്നു. 1975ൽ ഇതേ വ്യവസ്ഥയുള്ള മറ്റൊരു നിയമം ഉണ്ടായിരുന്നതു റദ്ദാക്കിയാണ് 1999ൽ പുതിയ നിയമം നടപ്പാക്കിയത്. അതിനാൽ റവന്യു രേഖകളിൽ ഹിൽമെൻ സെറ്റിൽമെന്റ് എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമി ഇപ്പോൾ പട്ടികഗോത്രവർഗക്കാർ അല്ലാത്തവരാണ് കൈവശം വച്ചിട്ടുള്ളതെങ്കിൽ അവരുടെ പേരിൽ പട്ടയം അനുവദിക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, പട്ടികഗോത്രവർഗക്കാർ 1986 ജനുവരി 24നു മുൻപായി ഇതര വിഭാഗങ്ങളിലെ വ്യക്തികൾക്കു കൈമാറിയ 5 ഏക്കർ വരെയുള്ള ഭൂമിക്ക് ഇത്തരം കൈമാറ്റ നിയന്ത്രണം ബാധകമല്ലെന്ന് 1999ലെ നിയമത്തിന്റെ അഞ്ചാം വകുപ്പിൽ ഒരു പ്രത്യേക വ്യവസ്ഥയുണ്ട്. ഇത്തരം കൈമാറ്റത്തിൽ 5 ഏക്കറിൽ അധികം ഉണ്ടെങ്കിൽ അധിക ഭൂമി തിരിച്ചെടുത്ത് പട്ടികഗോത്രവർഗക്കാർക്കു തിരികെ നൽകാനാണ് ഈ നിയമം റവന്യു ഡിവിഷനൽ ഓഫിസർമാർക്ക് (ആർഡിഒ) അധികാരം നൽകുന്നത്. 1999ലെ നിയമത്തിലെ ഈ പ്രത്യേക വ്യവസ്ഥ പട്ടയം അനുവദിക്കേണ്ട ഹിൽമെൻ ഭൂമികൾക്കും ബാധകമാക്കാമെന്ന വ്യക്തതയാണ് ഇപ്പോൾ റവന്യു വകുപ്പ് നൽകിയിട്ടുള്ളത്.