പെരിയ കേസ്: 4 പ്രതികൾ ഇന്ന് ജയിൽമോചിതരാകും

Mail This Article
കണ്ണൂർ ∙ പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‍ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിൽ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്നു ജാമ്യം ലഭിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.മണികണ്ഠൻ, കെ.വി.ഭാസ്കരൻ എന്നിവർ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങും. 5 വർഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവർക്കു വിധിച്ച ശിക്ഷ.
ഡിവിഷൻ ബെഞ്ച് ഉത്തരവ് കോടതി ഉദ്യോഗസ്ഥൻ സെൻട്രൽ ജയിലിൽ എത്തിച്ച ശേഷമേ നാലുപേർക്കും പുറത്തിറങ്ങാൻ സാധിക്കൂ. അതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ ജയിലിലെത്തി എല്ലാ പ്രതികളെയും കണ്ടു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദർശിച്ചതെന്നു ശ്രീമതി പറഞ്ഞു. കെ.വി.കുഞ്ഞിരാമനടക്കം നാലുപേർക്കും മേൽക്കോടതിയിൽനിന്നു നീതികിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെന്നും ശ്രീമതി പറഞ്ഞു.