റിജിത്ത് വധക്കേസ് വിധി പിഴയിൽ 9 ലക്ഷം റിജിത്തിന്റെ ബന്ധുക്കൾക്ക്

Mail This Article
തലശ്ശേരി ∙ സിപിഎം പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികൾക്കു വിധിച്ച പിഴയിൽനിന്ന് 9 ലക്ഷം രൂപ റിജിത്തിന്റെ അനന്തരാവകാശികൾക്കു നൽകാൻ കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരുക്കേറ്റ കെ.എൻ.വിമലിനു 40,000 രൂപയും കെ.വി.നികേഷ്, ആർ.കെ.വികാസ് എന്നിവർക്ക് 25,000 രൂപ വീതവും നൽകണം. പിഴ അടച്ചില്ലെങ്കിൽ 17 മാസം കൂടുതൽ തടവ് അനുഭവിക്കണം.
പ്രതികൾക്കു ജീവപര്യന്തം കഠിനതടവിനു പുറമേ, വധശ്രമത്തിനു 10 വർഷവും ആയുധംകൊണ്ട് ആക്രമിച്ചു പരുക്കേൽപിച്ചതിന് 3 വർഷവും സംഘംചേർന്ന് ആക്രമിക്കലിനു രണ്ടരവർഷവും തടഞ്ഞുവയ്ക്കലിന് ഒരു മാസവും കഠിനതടവു വേറെയും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഈ വകുപ്പുകൾ പ്രകാരം 11,000 രൂപ വീതം വേറെയും പിഴയടയ്ക്കണം. ഭാരതീയ ന്യായസംഹിത വരുന്നതിനു മുൻപുള്ള കേസായതിനാൽ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) പ്രകാരമാണു ശിക്ഷ വിധിച്ചത്.
ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപം ആർഎസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആർഎസ്എസ് – ഡിവൈഎഫ്ഐ തർക്കം വാക്കേറ്റത്തിലും ഉന്തിലും തള്ളിലും കലാശിച്ചിരുന്നു. പിറ്റേദിവസം രാത്രി റിജിത്തും സുഹൃത്തുക്കളും വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ക്ഷേത്രത്തിനു സമീപം ഒളിച്ചിരുന്ന പ്രതികൾ റിജിത്തിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.
വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഇങ്ങനെ
∙ 302 – കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവ്, ഒരു ലക്ഷം രൂപ വീതം പിഴ
∙ 307 – വധശ്രമത്തിന് 10 വർഷം കഠിനതടവ്, 10,000 രൂപ വീതം പിഴ
∙ 324 – ആയുധം കൈവശംവച്ചതിന് 3 വർഷം കഠിനതടവ്, 1000 രൂപ വീതം പിഴ
∙ 341 – അന്യായമായി തടഞ്ഞുവച്ചതിന് ഒരു മാസം കഠിനതടവ്
∙ 147 – സംഘം ചേർന്നതിന് രണ്ടുവർഷം കഠിനതടവ്
∙ 143 – അന്യായമായി സംഘം ചേർന്നതിന് ആറുമാസം കഠിനതടവ്.
∙ 148 – ആയുധം കൈവശം വച്ചതിന് മൂന്നുവർഷം കഠിനതടവ് (1, 2, 4, 5, 6,10 പ്രതികൾക്കു മാത്രം)