മകന് അംഗീകാരം; ‘അംഗീകാരമില്ലാതെ’ ടീച്ചറമ്മ

Mail This Article
തിരുവനന്തപുരം∙ ‘‘എങ്ങനെ പണം തിരിച്ചടയ്ക്കുമെന്നറിയില്ല. കലോത്സവത്തിൽ അവന്റെ അവസാന അവസരമല്ലേ. അതു മുടക്കാൻ പറ്റില്ല’’– വേദിയിൽ മകൻ മഹത്ത് ജെ.ജോൺ നാടോടിനൃത്തത്തിൽ തകർത്താടുമ്പോൾ ഗ്രീൻറൂമിലിരുന്ന് അമ്മ ലയ ജെ.ജോൺ നിറകണ്ണുകൾ തുടച്ചു. കൊല്ലം കരിക്കോട് ശിവറാം എൻഎസ്എസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ മഹത് തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നത്. ഭരതനാട്യത്തിലും കഥകളിയിലും എ ഗ്രേഡുണ്ട്.
പടപ്പക്കര യുപി സ്കൂളിലെ അധ്യാപികയായ ലയയുടെ തസ്തികയ്ക്കു സർക്കാർ അംഗീകാരം ലഭിക്കാത്തതിനാൽ 3 വർഷമായി ശമ്പളമില്ല. ഭർത്താവ് ജെ.എൻ.ജോൺ പാരലൽ കോളജ് അധ്യാപകനാണ്. പലരിൽ നിന്നു ലഭിച്ച സഹായങ്ങൾ കൊണ്ടാണു മഹത്തിനെ മൂന്നു മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. ലാൽ കുമാറാണ് ഗുരു. കലോത്സവങ്ങൾ പിന്നിടുമ്പോൾ 10 ലക്ഷത്തോളം രൂപയാണ് കടം.