ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ മസ്റ്ററിങ് നടത്താത്ത 14 ലക്ഷത്തോളം അംഗങ്ങളെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു. റേഷനിങ് ഇൻസ്പെക്ടർമാർ  വീടുകളിലെത്തി നേരിട്ടു പരിശോധന നടത്തി ഇതിന്റെ കാരണം കണ്ടെത്താൻ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. എന്നിട്ടും നടപടി സ്വീകരിക്കാത്തവർക്കു നോട്ടിസ് നൽകി മസ്റ്ററിങ് നടത്താൻ ആവശ്യപ്പെടും.

കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് മുൻഗണനാ കാർഡ് അംഗങ്ങളായ ഉപഭോക്താക്കളെ തിരിച്ചറിയാൻ ഇ കൈവൈസി മസ്റ്ററിങ്ങിന് സെപ്റ്റംബർ മുതൽ തീവ്രയജ്ഞം ആരംഭിച്ചത്. ഇരു കാർഡുകളിലുമായി 1.48 കോടി അംഗങ്ങളുള്ളതിൽ 1.34 കോടി പേർ മാത്രമാണ് (90.64%) ഇതു വരെ മസ്റ്ററിങ് നടത്തിയത്. 

ഡിസംബർ 31 വരെയാണു മസ്റ്ററിങ്ങിനു സമയം അനുവദിച്ചിരുന്നതെങ്കിലും ഇപ്പോഴും ഇതു തുടരുന്നുണ്ട്. റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചോ താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തി ഐറിസ് സ്കാനർ സംവിധാനം വഴിയോ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) വികസിപ്പിച്ച മേരാ ഇകൈവസി എന്ന ഫെയ്സ് ആപ് ഉപയോഗിച്ച് മൊബൈൽ ഫോൺ മുഖേനയോ ആണ് മസ്റ്ററിങ് നടത്താവുന്നത്. 

കിടപ്പുരോഗികൾക്കും മറ്റും മസ്റ്ററിങ് നടത്താൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മസ്റ്ററിങ് നടത്താത്തവർക്കു റേഷൻ വിതരണം നിർത്താൻ നിർദേശം നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മസ്റ്ററിങ് നടത്താത്തവരിൽ വലിയൊരു വിഭാഗം ഇതര സംസ്ഥാനങ്ങളിലോ മറ്റോ പഠിക്കുന്ന വിദ്യാർഥികളും ജോലി ആവശ്യാർഥം വിദേശത്ത് ഉള്ളവരുമാണെന്നാണു വിലയിരുത്തൽ. 

എൻആർകെ (നോൺ റസിഡന്റ് കേരള) വിഭാഗത്തിൽ ഉൾപ്പെടുത്തി ഇവരുടെ അംഗത്വം തൽക്കാലം മരവിപ്പിച്ചു നിർത്തുകയും നാട്ടിലെത്തുമ്പോൾ മസ്റ്ററിങ് നടത്താൻ അനുവദിക്കുകയും ചെയ്യും. അതേസമയം, മരിച്ചവരും അനർഹരുമായ മഞ്ഞ, പിങ്ക് കാർഡ് ഉടമകളെ ഒഴിവാക്കി പകരം അർഹരായ പുതിയ അപേക്ഷകരെ ഉൾപ്പെടുത്തുന്ന നടപടികളും നടന്നുവരികയാണ്.

 ആകെ മഞ്ഞ കാർഡ്

ഉടമകൾ: 5,94,181

മഞ്ഞ കാർഡിലെ ആകെ അംഗങ്ങൾ: 19,07,314

മസ്റ്ററിങ് നടത്തിയവർ: 17,45,668

ആകെ പിങ്ക് കാർഡ് 

ഉടമകൾ: 35,79,008

പിങ്ക് കാർഡിലെ ആകെ അംഗങ്ങൾ: 1,29,79,919

മസ്റ്ററിങ് നടത്തിയവർ: 1,17,49,263

ആകെ മസ്റ്ററിങ് 

നടത്തിയവർ: 1,34,94,931

മസ്റ്ററിങ് നടത്താൻ 

ബാക്കിയുള്ളവർ: 13,92,302

English Summary:

Kerala's Ration Card Mustering: Kerala's e-KYC ration card mustering process is incomplete for 1.4 million people. Authorities are conducting door-to-door inspections and providing multiple options for verification, including mobile app and in-person options.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com