വിസി നിയമനം: ലക്ഷ്യം കാവിവൽക്കരണമെന്ന് ആരോപണം

Mail This Article
തിരുവനന്തപുരം ∙ സർവകലാശാലാ വൈസ് ചാൻസലർ നിയമനം ഗവർണർമാരുടെ വരുതിയിലാക്കാനുള്ള യുജിസി കരടു ചട്ടങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും രംഗത്തെത്തി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതി ഒളിച്ചു കടത്തുകയാണെന്നു മുഖ്യമന്ത്രി ആരോപിച്ചു. വി.സി നിയമനത്തിനുള്ള സേർച് കമ്മിറ്റി രൂപീകരണം പോലും ചാൻസലറുടെ (ഗവർണർ) മാത്രം അധികാരമാക്കി മാറ്റുന്ന വ്യവസ്ഥകൾ ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്.
ഗവർണറുടെ പ്രവർത്തനം മന്ത്രിസഭയുടെ നിർദേശങ്ങൾക്കു വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് തകർക്കപ്പെടുന്നത്. അക്കാദമിക പരിചയമില്ലാത്തവരെയും വി.സിയാക്കാമെന്ന നിർദേശം സംഘ പരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. മാർഗനിർദേശങ്ങൾ നൽകാൻ മാത്രമാണ് യുജിസിക്ക് അധികാരം. സാധ്യമായ എല്ലാ വഴികളിലൂടെയും എതിർപ്പ് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
എതിർപ്പുമായി സ്റ്റാലിൻ
ചെന്നൈ ∙ യുജിസി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും തമിഴ്‌നാട് നേരിടുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഭരണഘടനപ്രകാരം വിദ്യാഭ്യാസം കേന്ദ്ര– സംസ്ഥാന പൊതു പട്ടികയിലുള്ള വിഷയമാണെന്നിരിക്കെ യുജിസിയുടെ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.