ADVERTISEMENT

കണ്ണൂർ, കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്ന് ജയിൽമോചിതരായ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.മണികണ്ഠൻ, കെ.വി.ഭാസ്കരൻ എന്നിവർക്ക് വരവേൽപ്പൊരുക്കി സിപിഎം. ‌യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‍ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിൽ സിബിഐ വിചാരണക്കോടതി വിധിക്കെതിരെ ഇവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 

സെൻട്രൽ ജയിലിൽനിന്ന് രാവിലെ ഒൻപതരയോടെ നേതാക്കൾ പുറത്തിറങ്ങുമ്പോൾ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജൻ, സതീഷ് ചന്ദ്രൻ, എം.രാജഗോപാലൻ എംഎൽഎ തുടങ്ങിയവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. രക്തഹാരം അറിയിച്ചാണ് വരവേറ്റത്. 

സിപിഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവോടെ പൊളിഞ്ഞതെന്നു കെ.വി.കുഞ്ഞിരാമൻ പറഞ്ഞു. പ്രതിചേർക്കുമ്പോഴും അർഹിക്കാത്ത ശിക്ഷ നൽകിയപ്പോഴും പ്രതികരിക്കാതിരുന്നത് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ടാണ്. 

നേതാക്കളെ ജയിലിലാക്കാൻ സിബിഐ കള്ളക്കഥ ചമച്ചെന്നും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ് നാലാംദിനം പുറത്തിറങ്ങാൻ പറ്റിയതെന്നും എം.വി.ജയരാജൻ പറഞ്ഞു. ഭരണനേതൃത്വത്തിന്റെ കൂട്ടിലിട്ട തത്ത എന്ന വിശേഷണം സിബിഐക്ക് ചേരുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ വിധിയെന്നു പി.ജയരാജൻ പറഞ്ഞു.

കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി, പള്ളിക്കര, പാലക്കുന്ന്, ഉദുമ, വെളുത്തോളി എന്നിവിടങ്ങളിൽ പ്രവർത്തകർ സ്വീകരണമൊരുക്കി. കാഞ്ഞങ്ങാട്ട് പ്രകടനത്തിന് പാർട്ടി തയാറെടുത്തെങ്കിലും പൊലീസ് അനുമതി നൽകിയില്ല. 

English Summary:

Periye Double Murder Case: CPM leaders acquitted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com