റിലയൻസ് നിക്ഷേപം: കെഎഫ്സിയുടെ വാദം പച്ചക്കള്ളമെന്ന് സതീശൻ

Mail This Article
തിരുവനന്തപുരം ∙ നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോർഡിന്റെ അംഗീകാരത്തോടെയുമാണെന്ന കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വാദം വാദം പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിക്ഷേപ സമാഹരണത്തിനുള്ള 2016 ലെ ബോർഡിന്റെ തീരുമാനം നടപ്പാക്കാനായി 2018 ൽ അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് കെഎഫ്സി വിശദീകരിക്കുന്നത്. അംബാനിയുടെ കമ്പനിയിൽത്തന്നെ നിക്ഷേപിക്കാൻ കെഎഫ്സി ബോർഡ് തീരുമാനിച്ചിരുന്നില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്.
2016 ഏപ്രിൽ ഒന്നിനാണ് ആർസിഎൽ എന്ന കമ്പനിയിൽനിന്ന് ആർസിഎഫ്എൽ രൂപീകരിച്ചത്. 2016 ജൂണിൽ കെഎഫ്സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതേവർഷം ഏപ്രിലിൽ തുടങ്ങി 2 മാസം മാത്രം പ്രായമായ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്നു പറയുന്നത് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ?
കെഎഫ്സി നിക്ഷേപം നടത്തിയതിനു ശേഷമാണ് റേറ്റിങ് ഏജൻസികൾ ക്രെഡിറ്റ് വാച്ച് നൽകിയതെന്നും 2018 ജൂണിനു ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാൻ തുടങ്ങിയതെന്നുമുള്ള വാദവും വസ്തുതാവിരുദ്ധമാണ്. ആർസിഎഫ്എലിൽ നിക്ഷേപിക്കുന്നതിനു 2 മാസം മുൻപ് കെയർ റേറ്റിങ് ഏജൻസി ഇറക്കിയ പത്രക്കുറിപ്പിൽ ആർസിഎഫ്എൽ പ്രതിസന്ധിയിലാകുന്നു എന്ന മുന്നറിയിപ്പു നൽകിയിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ പണം കമ്മിഷനുവേണ്ടി നഷ്ടപ്പെടുത്തിയിട്ട് വസ്തുതാവിരുദ്ധമായി വിശദീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.