റിലയൻസിലെ കെഎഫ്സിയുടെ നിക്ഷേപം മാറ്റിയത് കരുതൽധനം ; പിന്നിൽ കമ്മിഷൻ അഴിമതി: സതീശൻ

Mail This Article
തിരുവനന്തപുരം ∙ കരുതൽധനമായി 4 വർഷത്തേക്കു ഫെഡറൽ ബാങ്കിൽ 8.69% പലിശയ്ക്കു നിക്ഷേപിച്ചിരുന്ന പണമാണ്, 8.9% പലിശയ്ക്കു കേരള ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ ആർസിഎഫ്എൽ കമ്പനിയിൽ നിക്ഷേപിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 0.2% പലിശ അധികം കിട്ടാൻ വേണ്ടി നടത്തിയ ഇടപാടിലൂടെ 101 കോടി രൂപയാണു നഷ്ടമായത്. ഇതിനു പിന്നിൽ കമ്മിഷൻ അഴിമതിയുണ്ടെന്നും സിപിഎം ബന്ധുക്കളാണു പിന്നിലെന്നും സതീശൻ ആരോപിച്ചു.
കരുതൽധനം സൂക്ഷിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായാണ് 61 കോടി രൂപ 2018 ഏപ്രിൽ 4ന് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചത്. എന്നാൽ അതേവർഷം തന്നെ ഈ പണം, അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചു. കാലാവധി തികയാതെ ഫെഡറൽ ബാങ്കിൽനിന്ന് എഫ്ഡി പിൻവലിച്ചതിനാൽ 20 ലക്ഷം രൂപയും നഷ്ടപ്പെട്ടു. 60.8 കോടി രൂപ അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചത് ഓഹരി എന്ന നിലയ്ക്കല്ല, പലിശയ്ക്കാണ്. പലിശയടക്കം 110.4 കോടി കിട്ടേണ്ട സ്ഥാനത്ത്, കമ്പനി പൊട്ടിയതോടെ തിരിച്ചുകിട്ടിയത് 7.5 കോടിരൂപ മാത്രം. ഇതേകാലയളവിൽ തുക ഫെഡറൽ ബാങ്കിൽ കിടന്നിരുന്നെങ്കിൽ 109.3 കോടി രൂപ ലഭിക്കുമായിരുന്നു. 1.1 കോടി രൂപ അധികം കിട്ടാൻ വേണ്ടി നടത്തിയ സാഹസമായിരുന്നില്ല, കമ്മിഷൻ അഴിമതിയായിരുന്നു പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആർസിഎഫ്എൽ കമ്പനി 2018 ഏപ്രിൽ 20 ന് ഇറക്കിയ 61 കോടി രൂപയുടെ കടപ്പത്രത്തിന്റെ (എൻസിഡി) ഇൻഫർമേഷൻ മെമ്മോറാണ്ടത്തിൽ, നിക്ഷേപം നടത്തുന്നവർ മൊത്തം തുകയും നഷ്ടപ്പെടാനുള്ള ‘റിസ്ക്’ ആണ് എടുത്തിരിക്കുന്നതെന്നു കൃത്യമായി പറയുന്നുണ്ട്. റിസ്ക് സ്വന്തമായി വിലയിരുത്തണമെന്നും സെബി, ആർബിഐ എന്നിവയുടെ അംഗീകാരമില്ലെന്നും പറയുന്നുണ്ട്. ഇതേരേഖയിൽ, റേറ്റിങ് ഏജൻസിയും കൃത്യമായി ‘ക്രെഡിറ്റ് വാച്ച്’ മുന്നറിയിപ്പു നൽകിയിരുന്നു. മന്ത്രിയും കെഎഫ്സിയും നിരത്തുന്ന എതിർവാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. നഷ്ടത്തിനു സർക്കാർ മറുപടി പറയണം. അഴിമതി അന്വേഷിച്ചില്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.