ആലങ്ങാട് യോഗങ്ങൾക്ക് പേട്ടതുള്ളലിന് സൗകര്യം ഒരുക്കണം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ ആലങ്ങാട് യോഗങ്ങൾക്ക് എരുമേലി പേട്ടതുള്ളൽ തടസ്സമില്ലാതെ നടത്താൻ എല്ലാ സൗകര്യവും ഒരുക്കി നൽകാൻ ഹൈക്കോടതി നിർദേശം നൽകി. ശബരിമല അയ്യപ്പസ്വാമി ടെംപിൾ ആലങ്ങാട് യോഗം,ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്ത ജന സംഘം, ശ്രീ ശബരിമല ധർമ ശാസ്ത ആലങ്ങാട് യോഗം, ആലങ്ങാട് യോഗം ട്രസ്റ്റ് എന്നിവയ്ക്കു പേട്ട തുള്ളൽ നടത്താനാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.
ശബരിമല അയ്യപ്പസ്വാമി ടെംപിൾ ആലങ്ങാട് യോഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. നാല് സംഘങ്ങൾക്കും ഗോളക, കൊടി, വാൾ, ചുരിക തുടങ്ങിയവ പ്രദർശിപ്പിക്കാം. എന്നാൽ ഗ്രൂപ്പുകൾ തമ്മിൽ തർക്കങ്ങളും പ്രശ്നങ്ങളുമുണ്ടാകരുത്. പൊലീസ് മതിയായ സുരക്ഷ നടപടികൾ സ്വീകരിക്കണം. നാല് ഗ്രൂപ്പുകൾക്കും സുരക്ഷ നൽകണം.
നാല് ഗ്രൂപ്പുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ദേവസ്വം ബോർഡ് അനുനയ നടപടി സ്വീകരിക്കണം. ഉത്തരവ് നടപ്പാക്കുന്നുവെന്ന ഉറപ്പാക്കാൻ സ്പെഷൽ കമ്മിഷണർക്കു നിർദേശം നൽകി.
മുക്കുഴിയിൽ നിയന്ത്രണം
ഇന്നു മുതൽ 14 വരെ മുക്കുഴിയിൽ നിന്ന് പരമ്പരാഗത പാതയിലൂടെ തീർഥാടകരെ പോകാൻ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം കോടതി അംഗീകരിച്ചു. അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്കും എരുമേലിയിൽ നിന്ന് വെർച്വൽ ക്യു/ സ്പോട് ബുക്കിങ് വഴി വരുന്നവർക്കും കടന്നുപോകുന്നതിന് തടസ്സമല്ല. മുക്കുഴി വരെ വാഹനത്തിൽ വരുന്നവരെ കടത്തി വിടേണ്ടതില്ലെന്ന തീരുമാനമാണ് അംഗീകരിച്ചിരിക്കുന്നത്.
പൊന്നമ്പലമേട്ടിലേക്കു ദേവസ്വം ജീവനക്കാരും പോലീസ്/വനം വകുപ്പ് ഉദ്യോസ്ഥരുമല്ലാതെ ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.