വിനയായത് പ്രശാന്തിനെ പിന്തുണച്ചതോ? ബി.അശോകിന്റെ മാറ്റം മന്ത്രി പോലും അറിഞ്ഞില്ല

Mail This Article
തിരുവനന്തപുരം ∙ ബി.അശോകിനെ കൃഷിവകുപ്പിൽ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെ. മന്ത്രിസഭയിൽ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പിൽ ഒട്ടേറെ വൻകിട പദ്ധതികൾക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാൻ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാൽ വകുപ്പിനു കടുത്ത അതൃപ്തിയുണ്ട്. സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുൻകൂട്ടി ചർച്ച ചെയ്യാത്തതിനാൽ നീക്കത്തെ തടയാനും കഴിഞ്ഞില്ല.
ലോകബാങ്കിന്റെ 2,650 കോടിയുടെ പദ്ധതിക്കു വേണ്ടി മുൻകൈയെടുത്ത അശോക് ആ തുകയുടെ ആദ്യ ഗഡു ലഭിക്കുന്നതിനു തൊട്ടുമുൻപാണ് വകുപ്പിൽ നിന്നു പോകുന്നത്. കൃഷിക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്ന ഫാർമേഴ്സ് റജിസ്റ്റർ പദ്ധതിയും അശോകിന്റെ നേതൃത്വത്തിൽ നടപ്പാക്കിത്തുടങ്ങി. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോൽപാദന കമ്മിഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളിൽ നിന്നു മാറ്റിയാണ് അശോകിനെ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചത്.
ആരോഗ്യ കാരണങ്ങളാൽ അവധിയെടുക്കുന്നതിനാൽ അദ്ദേഹം ഉടൻ കമ്മിഷന്റെ പ്രവർത്തനങ്ങളിലേക്കു കടക്കില്ലെന്നാണു സൂചന. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. സസ്പെൻഷനിൽ കഴിയുന്ന എൻ.പ്രശാന്തിനു ബി.അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പിൽ നിന്നുള്ള മാറ്റമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ സംസാരം.
കമ്മിഷനിലേക്കു നിയമിക്കുന്നതോടെ അശോക് സെക്രട്ടേറിയറ്റിനു പുറത്താകും. ഇപ്പോൾ ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കമ്മിഷൻ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യമുയരാം. തദ്ദേശ വകുപ്പിലെ നിയമങ്ങൾ, ചട്ടങ്ങൾ, മാർഗ നിർദേശങ്ങൾ തുടങ്ങിയവ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടാണ് തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ രൂപീകരിക്കുന്നത്.