റോഡ് കയ്യേറി സ്റ്റേജ്; കോടതിയിൽ ഹാജരാകുമെന്ന് ബിനോയ്; നേരിടുമെന്ന് ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ റോഡ് കയ്യേറി സ്റ്റേജ് കെട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യക്കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന ഹൈക്കോടതി നിർദേശം അനുസരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോടതി നിർദേശത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തലസ്ഥാനത്ത് സിപിഎമ്മും സിപിഐയും നടത്തിയ വ്യത്യസ്ത പരിപാടികൾക്കായി റോഡ് കയ്യേറിയെന്ന പരാതി പരിഗണിച്ച ഹൈക്കോടതി ഫെബ്രുവരി 10 ന് ഇരു നേതാക്കളും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഭവിച്ചതിൽ ഖേദമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. റോഡ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. വീഴ്ച ബോധപൂർവമായിരുന്നില്ല. കോടതിയിൽ ഖേദപ്രകടനം നടത്തണോ എന്ന് നിയമജ്ഞരുമായി ആലോചിച്ച് തീരുമാനിക്കും.
രാഷ്ട്രീയ പ്രവർത്തനത്തിൽ സമരവും പ്രക്ഷോഭവുമൊക്കെ സാധാരണമാണെന്ന് എം.വി.ഗോവിന്ദൻ ഹരിപ്പാട്ട് പ്രതികരിച്ചു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേചറും ചേരുന്നതാണു ഭരണസംവിധാനമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് കോടതിയിൽ ഹാജരാകുമെന്ന് കോടതിയുടെ നോട്ടിസ് ലഭിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. പൊതു ഇടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശം അടിയറവയ്ക്കാൻ കഴിയില്ലെന്നും ഷിയാസ് പറഞ്ഞു.