നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിസ്ഥാനത്ത് 8 എംഎൽഎമാർ
Mail This Article
തിരുവനന്തപുരം ∙ ഒരാഴ്ചയ്ക്കകം നിയമസഭ തുടങ്ങാനിരിക്കെ, വിവാദമായ കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് 8 എംഎൽഎമാർ. എൽഡിഎഫിൽ മന്ത്രി വി.ശിവൻകുട്ടിയടക്കം 4 എംഎൽഎമാർ കോളിളക്കമുണ്ടാക്കിയ കേസുകളിൽ പ്രതികൾ. യുഡിഎഫിൽ 3 പേർ. ഇരുപക്ഷത്തുമില്ലാതെ നിൽക്കുന്ന പി.വി.അൻവറാണ് എട്ടാമൻ.
വയനാട് ബത്തേരിയിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പ്രതിയായ ആത്മഹത്യക്കേസ് 17ന് ആരംഭിക്കുന്ന സഭാസമ്മേളനത്തിൽ ചർച്ചയ്ക്കു വരുമെന്നുറപ്പാണ്. ഇതോടൊപ്പം മറ്റ് എംഎൽഎമാർ പ്രതികളായ കേസുകൾ കൂടിയാകുന്നതോടെ ചർച്ച കൊഴുക്കും.
∙ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ (സിപിഎം)
2015 മാർച്ചിൽ മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയിൽ അക്രമം നടത്തിയെന്ന കേസ്. 2.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതിനു പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പുമുണ്ട്. പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.
∙ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്)
ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽനിന്നു രക്ഷിക്കാൻ, അഭിഭാഷകനായിരിക്കെ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്. ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്നു സുപ്രീംകോടതിയുടെ നിർദേശം. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ്, പൊതുപ്രവർത്തകർക്കുള്ള പ്രത്യേക കോടതിയിലേക്കു മാറ്റി.
∙ എം.മുകേഷ് (സിപിഎം)
ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം നടി നടത്തിയ വെളിപ്പെടുത്തലിൽ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസ്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കുറ്റപത്രം കോടതിയിൽ.
∙ എം.വിൻസന്റ് (കോൺഗ്രസ്)
ബാലരാമപുരം സ്വദേശിനിയുടെ പരാതിയിൽ ലൈംഗികാതിക്രമക്കേസ്. 2017 ൽ അറസ്റ്റിലായി. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകി. പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചശേഷം വിചാരണയിലേക്കു കടക്കും.
∙ എൽദോസ് കുന്നപ്പിള്ളി (കോൺഗ്രസ്)
തിരുവനന്തപുരം പേട്ട സ്വദേശിനിയുടെ പരാതിയിൽ ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നിവയ്ക്കു കേസ്. മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം ഇപ്പോൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. വിചാരണ ഏതു കോടതിയിൽ എന്നു തീരുമാനിച്ചിട്ടില്ല.
∙ ഐ.സി.ബാലകൃഷ്ണൻ (കോൺഗ്രസ്)
വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തിൽ, ആത്മഹത്യക്കുറിപ്പ് അടിസ്ഥാനമാക്കി ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസ്. ഈ മാസം 15 വരെ കോടതി അറസ്റ്റ് തടഞ്ഞു.
∙ പി.വി.അൻവർ
നിലമ്പൂരിൽ സമരത്തിനിടെ പ്രവർത്തകർ വനംവകുപ്പ് ഓഫിസ് ആക്രമിച്ചതിന് പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ്. അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ മഞ്ചേരിയിലും കോട്ടയത്തും കേസ്.