ADVERTISEMENT

തിരുവനന്തപുരം∙ നിർമാണം പൂർത്തിയാകാത്തതോ അനിശ്ചിതമായി നീണ്ടു പോകുന്നതോ ആയ വില്ല, അപ്പാർട്മെന്റ് പ്രോജക്ടുകളിൽ ഉൾപ്പെടുന്ന വീട്ടുകാർക്ക് സ്വന്തം വീട്ടിലേക്കു മാത്രമായി വൈദ്യുതി കണക്‌ഷന് അപേക്ഷിക്കാം.

ആനുപാതികമായ ചെലവു മാത്രമേ അതിനു വീട്ടുകാരിൽ നിന്നു സ്വീകരിക്കാൻ പാടുള്ളൂവെന്നു വ്യക്തമാക്കി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വൈദ്യുതി വിതരണ കോഡ് (ബുദ്ധിമുട്ട് ഒഴിവാക്കൽ) ഉത്തരവിറക്കി. ഇത്തരം പദ്ധതികളിൽ വൈദ്യുതി കണക്‌ഷൻ നൽകുന്നതിന്റെ ഉത്തരവാദിത്തം ഇനി   കെഎസ്ഇബിക്കാകും.

കൈമാറ്റം ചെയ്യുന്നതിനു മുൻപ് നിർമാണം പകുതിയിൽ നിർത്തിയ വില്ല, അപ്പാർട്മെന്റ് പദ്ധതികളിലെയോ റസിഡൻഷ്യൽ കോളനികളിലെയോ വീട്ടുടമകൾക്ക് വെവ്വേറെ അവരുടെ വീട്ടിൽ വൈദ്യുതി കണക്‌ഷന് അപേക്ഷിക്കാനാകും. ഡവലപ്പറുമായോ പ്രമോട്ടറുമായോ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിലോ (കെ റെറ) അപ്‌ലറ്റ് ട്രൈബ്യൂണലിലോ തർക്കം നിലനിൽക്കുന്ന വീട്ടുടമകൾക്കും കെ റെറ അനുവദിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിൽ വീഴ്ച വന്ന പദ്ധതികളിലും ഈ സൗകര്യം പ്രയോജനപ്പെടും.

ഇത്തരം പദ്ധതികളിൽ കുടുങ്ങി വൈദ്യുതി കണക്‌ഷൻ എടുക്കാനാകാത്തവരുടെ പരാതി വ്യാപകമായതോടെയാണ് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയത്. നിലവിൽ ഒരു വില്ല, അപ്പാർട്മെന്റ്, റസിഡൻഷ്യൽ കോളനി പദ്ധതിയിൽ ഒറ്റ അപേക്ഷ നൽകുകയും വിവിധ ഫീസുകളും ചാർജുകളും ഒന്നിച്ച് അടയ്ക്കുകയും ചെയ്താൽ മാത്രമേ വൈദ്യുതി കണക്‌ഷൻ അനുവദിക്കുകയുള്ളൂ.

മുടങ്ങിപ്പോകുന്ന പദ്ധതികളിലും മൊത്തം വീടുകളുടെ എണ്ണം കണക്കാക്കി ഫീസ് ഈടാക്കുകയാണ് ചെയ്തിരുന്നത്. അത്തരം സന്ദർഭങ്ങളിൽ, നിർമാണം പൂർത്തിയായി താമസം തുടങ്ങാവുന്ന വീടിന്റെ ഉടമകൾ മുഴുവൻ വീടുകളുടെയും തുക അടയ്ക്കേണ്ട സാഹചര്യമായിരുന്നു. 

ഇനി മുതൽ മുഴുവൻ പ്രോജക്ടിന്റെ വൈദ്യുതി കണക്‌ഷനു ചെലവാകേണ്ട തുകയും ആകെ വീടുകളുടെ എണ്ണവും അടിസ്ഥാനമാക്കി അനുപാതം കണക്കാക്കി ഓരോ വീട്ടുടമയും നൽകേണ്ട തുക നിശ്ചയിക്കും. ബാക്കി തുക പദ്ധതി പൂർത്തിയാകുന്നതനുസരിച്ച് കെഎസ്ഇബി മറ്റു വീട്ടുടമകളിൽ നിന്ന് ഈടാക്കണം.

English Summary:

Electricity Connections: Incomplete villa and apartment, residents can apply for individual electricity connections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com