കൃഷിവകുപ്പിൽ ‘വിവാദക്കൃഷി’: 2 മാസത്തിനിടെ മാറിയത് 2 ഉന്നത ഉദ്യോഗസ്ഥർ
Mail This Article
തിരുവനന്തപുരം ∙ 2 മാസത്തിനിടെ 2 ഉന്നത ഉദ്യോഗസ്ഥരെ സർക്കാർ മാറ്റിയതോടെ കൃഷിവകുപ്പിൽ നാഥനില്ലാത്ത അവസ്ഥ. നയപരമായ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ മാറിയതിനാൽ വകുപ്പിൽ നടപ്പാക്കേണ്ട 5,000 കോടിയുടെ പദ്ധതികളും പ്രതിസന്ധിയിലാണ്. ലോകബാങ്കിന്റെ സഹായത്തോടെയുള്ള പല പദ്ധതികളുടെയും നടത്തിപ്പ് സംബന്ധിച്ച് സുപ്രധാന തീരുമാനമെടുക്കേണ്ട സമയത്താണ് ഉന്നത തസ്തികകളിലെ മാറ്റം.
കൃഷി സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെ നവംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ കൂടി നീക്കിയതോടെയാണ് വകുപ്പിൽ തീരുമാനമെടുക്കാൻ ആളില്ലാതായത്.
പ്രിൻസിപ്പൽ സെക്രട്ടറിക്കു പുറമേ, കാർഷികോൽപാദന കമ്മിഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ എന്നീ ചുമതലകളും അശോകിനായിരുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ അശോകിനു പകരം ഈ ചുമതലകളിലേക്ക് ആരെ നിയമിക്കുന്നുവെന്ന് പരാമർശിച്ചിട്ടുമില്ല. എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിനു പകരക്കാരനെയും 2 മാസമായി നിയമിച്ചിട്ടില്ല.
കേര ലോകബാങ്ക് പ്രോജക്ട് ഡയറക്ടർ, കാബ്കോ എംഡി എന്നീ തസ്തികകളും കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയാണ് വഹിച്ചിരുന്നത്. അശോകിനെ നീക്കിയതോടെ ഇവിടെയും ആളില്ലാതായി. ലോകബാങ്ക് കരാർ അനുസരിച്ച് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റരുതെന്ന ചട്ടം നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന്റെ തീരുമാനമെന്നും ആരോപണമുണ്ട്.
ലോകബാങ്കിന്റെ സഹായത്തോടെയുള്ള കേര പദ്ധതി നടത്തിപ്പ്, ഉദ്യോഗസ്ഥ ഡപ്യൂട്ടേഷൻ പ്രക്രിയ, പദ്ധതികളുടെ ഫണ്ട് ട്രാൻസ്ഫർ, പ്രോജക്ട് നടത്തിപ്പ് മുതലായവയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട സമയത്താണ് ഉന്നത ഉദ്യോഗസ്ഥരെ മാറ്റിയത്. കേര ലോകബാങ്ക് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുന്നത് 2365 കോടി രൂപയാണ്. കാബ്കോ നിലവിൽ വന്നതോടെ 1000 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്തു നിലവിൽ വരും. നബാർഡിന്റെ പദ്ധതിയിലൂടെ 400 കോടി രൂപയും പ്രതീക്ഷിക്കുന്നു.