ബൂത്തുതലത്തിൽ പാർട്ടി ശക്തിപ്പെടുത്താൻ നടപടി: കോൺഗ്രസ് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും
Mail This Article
തിരുവനന്തപുരം ∙ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ ശക്തിപ്പെടുത്താനും ബൂത്തുതലത്തിൽ കോൺഗ്രസിന്റെ സംഘടനാ അടിത്തറ വിപുലീകരിക്കാനും ജനപിന്തുണ വർധിപ്പിക്കുന്നതിനുമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതൽ ഒരുമാസം കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും.പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണു തീരുമാനം.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എഐസിസി ആഹ്വാന പ്രകാരം ‘ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ’ സമ്മേളനങ്ങൾ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തും.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ശമ്പള–ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും 22ന് നടത്തുന്ന പണിമുടക്കിന് കെപിസിസി പിന്തുണ പ്രഖ്യാപിച്ചു.
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎക്ക് അപകടം സംഭവിച്ചതിൽ സംഘാടകർക്കും, മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, അനുമതി നൽകിയതിൽ സർക്കാരിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി യോഗം അഭിപ്രായപ്പെട്ടു. വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രദേശികതലത്തിൽ കോൺഗ്രസ് പ്രക്ഷോഭങ്ങൾ നടത്തുമെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.