ADVERTISEMENT

തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിന്റെ പേരിലുള്ള അന്വേഷണത്തിൽ നിന്നും അച്ചടക്ക നടപടിയിൽ നിന്നു തലയൂരി കെ.ഗോപാലകൃഷ്ണൻ ‘ക്ലീനായി’ വീണ്ടും സർവീസിലേക്ക്. വാട്സാപ് ഗ്രൂപ്പ് വിവാദമുണ്ടായതിനു പിന്നാലെ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞ സർക്കാർ, 2 മാസത്തിനു ശേഷം അദ്ദേഹത്തിനു ക്ലീൻ ചിറ്റ് നൽകി തിരിച്ചെടുത്തു.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണു ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതെന്ന് കഴിഞ്ഞ നവംബർ 11ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കുറിച്ചിരുന്നു.

തന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസിനു കൈമാറും മുൻപ് അതിലെ വിവരങ്ങളെല്ലാം അദ്ദേഹം നീക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഗോപാലകൃഷ്ണൻ നടത്തിയത് അതീവ ഗൗരവമേറിയ കുറ്റകൃത്യമാണെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും തീർത്തുപറഞ്ഞ സർക്കാരാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചിരിക്കുന്നത്.

വിവാദ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ ഉറപ്പിച്ചു പറഞ്ഞെങ്കിലും അക്കാര്യം പൊലീസിനു തെളിയിക്കാനായില്ല. തന്റെ ഫോണിലെ വിവരങ്ങൾ ഗോപാലകൃഷ്ണൻ തന്നെ നീക്കിയതാണ് അന്വേഷണം വഴിമുട്ടിച്ചത്. എന്നാൽ, തന്റെ ഫോൺ ഹാക്ക് ചെയ്തവരാണു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദം തെറ്റാണെന്നു പൊലീസ് കണ്ടെത്തി. ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ സംശയമുന ഗോപാലകൃഷ്ണനിലേക്കു തിരിച്ചാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.

ഗ്രൂപ്പുണ്ടാക്കിയതിൽ തനിക്കു പങ്കില്ലെന്ന വാദം സസ്പെൻഷനുമായി ബന്ധപ്പെട്ട കുറ്റപത്ര മെമ്മോയ്ക്കുള്ള മറുപടിയിലും ഗോപാലകൃഷ്ണൻ ആവർത്തിച്ചു. അത് അംഗീകരിച്ച് അദ്ദേഹത്തിനെതിരായ നടപടി അവസാനിപ്പിച്ചതോടെ സ്വന്തം വാദങ്ങൾ കൂടിയാണ് സർക്കാർ തള്ളുന്നത്.

വാട്സാപ് ഗ്രൂപ്പ് വിവാദത്തിന്റെ നാൾവഴി:

∙ 2024 ഒക്ടോബർ 31: മല്ലു ഹിന്ദു ഓഫിസേഴ്സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിൻ ആയ വാട്സാപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നു. ഗ്രൂപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥരിൽ പലരും ആശങ്കയറിയിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണൻ തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തെന്ന് ഉദ്യോഗസ്ഥർക്കു സന്ദേശമയയ്ക്കുന്നു.

∙ നവംബർ 3: ഹാക്ക് ചെയ്തവർ മുസ്‌ലിം ഉദ്യോഗസ്ഥരുടെ പേരിലും ഗ്രൂപ്പുണ്ടാക്കിയെന്ന് ഗോപാലകൃഷ്ണൻ. അതിന്റെ സ്ക്രീൻഷോട്ട് പുറത്തുവിടുന്നു.

∙ 4: ഫോൺ ഹാക്ക് ചെയ്തുവെന്നു കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് അദ്ദേഹം പരാതി നൽകുന്നു.

∙ 5: ഫോൺ പൊലീസിനു കൈമാറുന്നു.

∙ 6: ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പൊലീസിനെ അറിയിക്കുന്നു.

∙ 8: ഗോപാലകൃഷ്ണൻ തന്റെ ഫോൺ ഫോർമാറ്റ് ചെയ്ത് അതിലെ മുഴുവൻ വിവരങ്ങളും നീക്കിയതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസിനു ഫൊറൻസിക് സംഘത്തിന്റെ റിപ്പോർട്ട്.

∙ 9: ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നും വിവാദ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് 2 ഫോണുകളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്നും കാട്ടി ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ റിപ്പോർട്ട്.

∙ 10: ഗ്രൂപ്പുണ്ടാക്കിയതിൽ ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമന്നുമുള്ള ശുപാർശയോടെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു ചീഫ് സെക്രട്ടറി കൈമാറുന്നു.

∙ നവംബർ 11: ഗോപാലകൃഷ്ണനെ സസ്പെൻ‍ഡ് ചെയ്യുന്നു.

English Summary:

K. Gopalakrishnan back in service: IAS Officer K. Gopalakrishnan reinstated after WhatsApp group controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com