സ്കൂളുകളിലെ ഇ–വേസ്റ്റ് മൂന്ന് മാസത്തിനുള്ളിൽ നീക്കണം
Mail This Article
അടൂർ ∙ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇ–വേസ്റ്റ് 3 മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകണമെന്നും എഇഒമാർ സ്കൂളുകളിലെ ഇ–വേസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ 3 മാസത്തിനകം പൂർത്തീകരിക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്.
പൊതുപ്രവർത്തകനായ അടൂർ അറുകാലിക്കൽ പടിഞ്ഞാറ് സ്വദേശി കെ.ഹരിപ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. ഉപയോഗമില്ലാത്ത ഐടി ഉപകരണങ്ങൾ സ്കൂളുകളിൽ കെട്ടിക്കിടക്കുകയാണെന്നും ഇതിൽ എലികളും ഇഴജന്തുക്കളും വളരുന്നത് അപകടകരമാണ് എന്നുമായിരുന്നു പരാതി.
തുടർന്ന് സ്കൂളുകളിലെ ഇ–വേസ്റ്റും മറ്റ് ഉപയോഗശൂന്യമായ ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരം തിരിച്ച് നിർമാർജനം ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. മാലിന്യം ശേഖരിക്കുന്നതിന് ക്ലീൻ കേരള, കൈറ്റ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.എന്നാൽ 99% സ്കൂളുകളിൽ നിന്നും മാലിന്യം നീക്കം ചെയ്തിട്ടില്ലെന്ന് കാണിച്ച് ഹരിപ്രസാദ് വീണ്ടും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.
പരാതി പരിശോധിച്ചപ്പോൾ മാലിന്യം നീക്കം ചെയ്തിട്ടില്ലെന്നും നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ എടുത്ത തീരുമാന പ്രകാരം സ്കൂളുകളിൽ നിന്ന് ഇ–വേസ്റ്റ് നീക്കം ചെയ്തിട്ടുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ടവർ പരിശോധിച്ചില്ലെന്നും രേഖകളിൽ നിന്ന് കമ്മിഷൻ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സ്കൂളുകളിൽ നിന്ന് 3 മാസത്തിനുള്ളിൽ ഇ–മാലിന്യം നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശം നൽകിയത്.