ഡിസിസി ട്രഷററുടെ ആത്മഹത്യ: 4 പേർക്കെതിരെ പ്രേരണക്കുറ്റം, എംഎൽഎയും ഡിസിസി പ്രസിഡന്റും പ്രതികൾ

Mail This Article
ബത്തേരി ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനുമടക്കം 4 കോൺഗ്രസ് നേതാക്കളെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്തു. ഡിസിസി മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ, ഡിസിസി മുൻ പ്രസിഡന്റ് അന്തരിച്ച പി.വി.ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ സമർപ്പിച്ച ശേഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്.
രാവിലെ തിരുവനന്തപുരത്തുണ്ടായിരുന്ന ഒന്നാം പ്രതി ഐ.സി.ബാലകൃഷ്ണനും രണ്ടാം പ്രതി എൻ.ഡി.അപ്പച്ചനും പിന്നീട് രഹസ്യ കേന്ദ്രങ്ങളിലേക്കു മാറിയതായാണു വിവരം. ഇവരും ഗോപിനാഥനും ഇന്നലെത്തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യം അനുവദിക്കരുതെന്നു കോടതിയിൽ ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ് പറഞ്ഞു. എംഎൽഎയെ അറസ്റ്റ് ചെയ്യണമെങ്കിൽ നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമാണ്.
എൻ.എം.വിജയന്റെ കത്തിൽ പേരെടുത്ത് പരാമർശം
കോൺഗ്രസ് നേതാക്കൾക്ക് കൈമാറണമെന്നറിയിച്ച് എൻ.എം.വിജയൻ എഴുതിയ കത്തിന്റെ എട്ടാമത്തെ പേജിൽ എംഎൽഎയും ഡിസിസി പ്രസിഡന്റും അടക്കമുള്ളവർക്കെതിരെ പേരെടുത്തു പരാമർശമുണ്ട്. നേതാക്കൾക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകൾ ബാധ്യതയായതു വിവരിച്ചശേഷം ‘മാനസിക പ്രശ്നത്തിനോ മരണത്തിനോ ഇട വന്നാൽ അതിനുത്തവാദികൾ ഞാൻ മേൽ സൂചിപ്പിച്ചവരായിരിക്കും’ എന്നു പറഞ്ഞിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്തുള്ള നിയമനക്കോഴയിൽ ഓരോ നേതാവിന്റെ പങ്കിനെക്കുറിച്ചും കത്തിൽ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്.
ഈ കുറിപ്പുകളെല്ലാം കഴിഞ്ഞദിവസം അന്വേഷണസംഘം വിജയന്റെ മകനെ കാണിച്ചു വീണ്ടും വ്യക്തത വരുത്തി. പി.വി.ബാലചന്ദ്രന്റെ മരണസർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുന്നതോടെ അദ്ദേഹം പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാകും.