ചേരിതിരിഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥർ; സർക്കാരുമായി ചേർന്നുനിൽക്കുന്നവരും വിമർശിക്കുന്നവരും രണ്ടു തട്ടിൽ
Mail This Article
തിരുവനന്തപുരം ∙ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പിൽനിന്ന് ബി.അശോകിനെയും മാറ്റിയതോടെ ഐഎഎസുകാർക്കിടയിലെ ചേരിപ്പോര് രൂക്ഷമായി. സർക്കാരുമായി ചേർന്നുനിൽക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഒരു പക്ഷത്തും സർക്കാരിന്റെ ചില തീരുമാനങ്ങളെ വിമർശിക്കുന്ന ഉദ്യോഗസ്ഥർ മറുപക്ഷത്തുമായി.
വകുപ്പു സെക്രട്ടറിമാരുടെ പല യോഗങ്ങളിലും സർക്കാർ തീരുമാനങ്ങളുടെ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ അശോക് ചൂണ്ടിക്കാട്ടിയതും അദ്ദേഹത്തെ സെക്രട്ടേറിയറ്റിനു പുറത്തേക്കു തട്ടാൻ കാരണമായെന്നു പറയുന്നവരുണ്ട്.
വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ തീരുമാനങ്ങളെ അശോക് എതിർത്തിരുന്നു. പുനരധിവാസത്തിനുള്ള ടൗൺഷിപ് നിർമാണക്കരാർ ഊരാളുങ്കൽ സൊസൈറ്റിക്കു ടെൻഡറില്ലാതെ നൽകിയതിൽ ഐഎഎസുകാർക്കിടയിൽ തന്നെ നീരസമുണ്ട്.
തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായുള്ള മാറ്റത്തിനെതിരെ അശോക് നിയമനടപടിക്ക് ഒരുങ്ങുമെന്നാണ് അറിയുന്നത്. പുതിയ ചുമതല ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി തൽക്കാലം ഏറ്റെടുത്തേക്കില്ല.
കമ്മിഷൻ ഇതുവരെ രൂപീകരിക്കുകയോ പരിഗണനാ വിഷയങ്ങൾ നിർണയിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയാണ് ഡപ്യൂട്ടേഷനിൽ നിയമിക്കേണ്ടതെങ്കിലും അശോകിന്റെ സമ്മതം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതു നിയമപരമായി ചോദ്യം ചെയ്യാനാകും.