മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇല്ലാത്ത തസ്തികയിലെ നിയമനത്തിന് അംഗീകാരം
Mail This Article
ആലപ്പുഴ ∙ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇല്ലാത്ത തസ്തികയിലെ നിയമനത്തിനു പൊതുഭരണ വകുപ്പിന്റെ അംഗീകാരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആർഡി) ഒരു ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയുടെ ഓഫിസിൽ പ്രവർത്തിക്കുന്നതിനെയാണു പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ സാധൂകരിച്ചത്. ഡപ്യൂട്ടേഷൻ /ജോലി ക്രമീകരണം സംബന്ധിച്ച ഉത്തരവോ തസ്തികയോ ഇല്ലാതെ മുൻ പിണറായി സർക്കാരിന്റെ കാലം മുതൽ ഇവിടെ പ്രവർത്തിക്കുന്നയാൾക്കു വേണ്ടിയാണ് ഈ വഴിവിട്ട നടപടി. ഇതു ചട്ടലംഘനമാണെന്നും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും പരാതി ഉയർന്നു.
പിആർഡിയിൽ വിഷ്വൽ കമ്യൂണിക്കേഷൻസ് ഡപ്യൂട്ടി ഡയറക്ടറായി ഈ ഉദ്യോഗസ്ഥനു കഴിഞ്ഞ മാസം സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവിൽ വിചിത്രമായ പരാമർശം കൂട്ടിച്ചേർത്തതിലൂടെയാണു ജോലി ക്രമീകരണം സാധൂകരിച്ചത്. ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകുന്നതോടൊപ്പം മീഡിയ സെക്രട്ടറിയുടെ ‘ഓഫിസിലെ ജോലി’ തുടരാമെന്ന് ഉത്തരവിൽ പറയുന്നു. ഈ ഉദ്യോഗസ്ഥനു നിലവിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഔദ്യോഗിക തസ്തികകളൊന്നുമില്ല. രണ്ടു സർക്കാരുകളുടെ കാലത്തായി ഇതിനകം 8 വർഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ തുടർന്നതിനാണു സാധൂകരണം നൽകിയത്.
ഉദ്യോഗസ്ഥന്റെ ജോലി മുഖ്യമന്ത്രിയുടെ ഓഫിസിലും ശമ്പളം പിആർഡിയിലുമാണ്. വിജ്ഞാപനം ചെയ്ത തസ്തികയിൽ മാത്രമേ ഉദ്യോഗസ്ഥരെ നിയമിക്കാനാകൂ എന്നു നിയമമുള്ളപ്പോഴാണ് ഒരിടത്തു നിയമനവും മറ്റൊരിടത്തു ജോലിയും എന്ന നടപടി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയുടെ മകന്റെ സ്ഥാപനത്തിനായി സർക്കാർ കരാറുകൾ മാനദണ്ഡം ലംഘിച്ചു നൽകുന്നതിന്റെ പേരിൽ ഈ ഉദ്യോഗസ്ഥൻ സംശയനിഴലിലാണ്. സമാന രീതിയിൽ മറ്റു ചില ഉദ്യോഗസ്ഥർ കൂടി മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നുണ്ട്.
ഈയിടെ പിആർഡിയിൽ നടന്ന പല സ്ഥലംമാറ്റങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയുടെ ഇടപെടലുണ്ടെന്ന് ആരോപണമുയർന്നിരുന്നു. മാറ്റിയ ഉദ്യോഗസ്ഥരിൽ ചിലർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടി. അതേസമയം, വേണ്ടപ്പെട്ട ചിലർ 8 വർഷമായി മാറ്റമില്ലാതെ പിആർഡിയിൽ പ്രധാന തസ്തികകളിൽ തുടരുകയും ചെയ്യുന്നു.