കെഎസ്ആർടിസിയിൽ ‘മൈലേജ്’ പരിശോധന ഇനി ഡ്രൈവർക്കും
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ മൈലേജ് പരിശോധന ഇനി ബസിന് മാത്രമല്ല, ഡ്രൈവർക്കും ബാധകം. ഏത് ഡ്രൈവർ ഓടിക്കുമ്പോഴാണ് ബസിന് കൂടുതൽ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആർടിസി പരിശോധിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് സർവീസുകളെ അപേക്ഷിച്ച് കൂടുതൽ ഡീസൽ ചെലവാകുന്നുണ്ടെന്നും ഡ്രൈവർമാർ ബോധപൂർവം ഡീസൽ പാഴാക്കുന്നെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പരിശോധനയ്ക്കുള്ള നിർദേശം.
ഒരേ സർവീസ്, സ്വിഫ്റ്റിന്റെ ഡ്രൈവറെയും കെഎസ്ആർടിസിയുടെ ഡ്രൈവറെയും നിയോഗിച്ച് പരീക്ഷിച്ചപ്പോൾ കെഎസ്ആർടിസി ഡ്രൈവർ 20 ലീറ്റർ ഡീസൽ വരെ ലാഭിച്ചെന്നു കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പല ബസുകളിലും നടത്തിയ പരിശോധനയിൽ മൈലേജ് വ്യത്യാസം കണ്ടെത്തിയതോടെയാണ് ഡ്രൈവിങ് രീതിയും ചർച്ചാവിഷയമായത്. ഡീസൽ കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും.