ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചു; കത്തിക്കരിഞ്ഞ മൃതദേഹം കോളജ് ഉടമയുടേത്
![thaha-college-ownerjpg thaha-college-ownerjpg](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/10/thaha-college-ownerjpg.jpg?w=1120&h=583)
Mail This Article
നെടുമങ്ങാട് (തിരുവനന്തപുരം)∙ കരകുളം മുല്ലശ്ശേരി പിഎ അസീസ് എൻജിനീയറിങ് ആൻഡ് പോളിടെക്നിക് കോളജിലെ നിർമാണത്തിലിരിക്കുന്ന ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം കോളജിന്റെ ഉടമ ഇ.എം.താഹ (67) യുടേതാണെന്നു തെളിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 30ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഇദ്ദേഹത്തിന്റെ ഷൂസും മൊബൈൽ ഫോണും കാണപ്പെട്ടിരുന്നു. കൂടാതെ ഹാളിനു പുറത്ത് ഇദ്ദേഹത്തിന്റെ കാറും കിടപ്പുണ്ടായിരുന്നു. രക്തസാംപിൾ തിരുവനന്തപുരം എഫ്എസ് ലാബിൽ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരുന്നു . പരിശോധന ഫലം ഇന്നലെ വൈകിട്ടാണ് ലഭിച്ചത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന താഹയ്ക്ക് 30ന് ആദായ നികുതി വകുപ്പിന്റെ നോട്ടിസും ലഭിച്ചിരുന്നു. ആദായ നികുതി കുടിശികയായി 36 കോടി രൂപയും കോളജ് ട്രസ്റ്റിന്റെ പേരിൽ കുടിശിക 25 കോടി രൂപയും അടയ്ക്കണമെന്ന് നോട്ടിസിൽ രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഇദ്ദേഹം പണം നൽകാനുള്ള ചിലർ കോളജിലെത്തി തുക ഉടൻ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കോളജ് അധ്യാപകർക്ക് 4 മാസത്തെ ശമ്പളവും നൽകാനുണ്ടായിരുന്നെന്ന് നെടുമങ്ങാട് സിഐ രാജേഷ് കുമാർ അറിയിച്ചു.മൃതദേഹം നാളെ രാവിലെ 11ന് കോളജിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് സ്വദേശമായ കൊല്ലം പള്ളിമുക്കിലെ കൊല്ലൂർവിള മുസ്‍ലിം ജമാഅത്തിൽ ഖബറടക്കും. ഭാര്യ: സോബിത താഹ. മക്കൾ: ഡോ.സനോജ് താഹ (തിരുവനന്തപുരം കിംസ് ഹെൽത്ത്), സൂരജ് താഹ (ദുബായ് സെവൻ ഇൻഷുറൻസ് ബ്രോക്കേഴ്സ്)