സിപിഎം വിശകലനം: പാലക്കാട്ടെ ഭിന്നത ഫലത്തെ ബാധിച്ചു
Mail This Article
തിരുവനന്തപുരം∙ നീലപ്പെട്ടി ഉൾപ്പെടെയുള്ള വിവാദങ്ങളും അവ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതിയും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചതായി സിപിഎം. ഈ രാഷ്ട്രീയ– സംഘടനാ പ്രശ്നങ്ങൾ ബാധിച്ചിരുന്നില്ലെങ്കിൽ മുന്നേറാൻ കഴിയുമായിരുന്നു. പാർട്ടി ലക്ഷ്യമിട്ട രണ്ടാം സ്ഥാനം നഷ്ടപ്പെട്ടതു കൂടി കണക്കിലെടുത്താണ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തത്.
കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ വിവാദ പാതിരാ റെയ്ഡിനെ സംസ്ഥാന കമ്മിറ്റി തള്ളിപ്പറഞ്ഞില്ല. എന്നാൽ റെയ്ഡിനു വേണ്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതും വനിതാ നേതാക്കൾക്ക് അസൗകര്യം ഉണ്ടാക്കിയെന്ന പരാതിയും കോൺഗ്രസ് പ്രചാരണരംഗത്ത് പ്രയോജനപ്പെടുത്തി. റെയ്ഡിനെതിരെ എതിർപ്രചാരണം ഇങ്ങനെ നടക്കുമ്പോഴാണ് അതിനെ കൃഷ്ണദാസ് തള്ളിപ്പറഞ്ഞത്. പാർട്ടിയുടെ സംസ്ഥാന– ജില്ലാ നേതൃത്വങ്ങൾ സ്വീകരിച്ച നിലപാടിനെ സംസ്ഥാന കമ്മിറ്റി അംഗമായ നേതാവ് നിരാകരിച്ചു. ഇതു പാർട്ടിയിൽ യോജിപ്പില്ലെന്ന പ്രതീതി ഉളവാക്കി. ജില്ലയിലെ സംഘടനാപ്രശ്നങ്ങൾ തുടരുകയാണെന്ന സാഹചര്യം തിരഞ്ഞെടുപ്പിനെ ബാധിച്ചു. രണ്ടാം സ്ഥാനം ലഭിച്ച ബിജെപിയെക്കാൾ 2256 വോട്ടാണ് സിപിഎമ്മിനു കുറവ് വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പതിമൂവായിരത്തിലേറെ വോട്ടിന്റെ വ്യത്യാസം കണക്കിലെടുക്കുമ്പോൾ പാർട്ടിക്ക് ഇതു നേട്ടമാണെങ്കിലും യോജിച്ചുനിന്നിരുന്നെങ്കിൽ ബിജെപിയെ മറികടക്കാനായേനെ.
വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടുചോർച്ചയും അതീവ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന കമ്മിറ്റി നിരീക്ഷിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം വൻ ഭൂരിപക്ഷം നേടാൻ കോൺഗ്രസിന് സഹായകരമായി. എന്നാൽ അടിസ്ഥാന ഇടതുവോട്ടുകളിൽ വൻ ചോർച്ചയുണ്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നേടിയ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തോളം കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആനി രാജ മത്സരിച്ചപ്പോൾ കിട്ടിയതിലും 72000 വോട്ടും കുറഞ്ഞു. പട്ടികവിഭാഗ വോട്ടുകളടക്കം നഷ്ടപ്പെട്ടെന്നാണ് സിപിഎം വിശകലനം.