മൗണ്ടൻ സൈക്ലിങ്: അഖിലിന് സൈക്കിൾ വേണം; ദേശീയ ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ

Mail This Article
അണക്കര∙ സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് മികച്ച പ്രകടനം കാഴ്ചവച്ച അണക്കര സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ അഖിൽ ഗിരീഷ് ദേശീയ മത്സരത്തിന് യോഗ്യത നേടി. പക്ഷേ, തന്റെ സ്വപ്നമായിരുന്ന ദേശീയ ചാംപ്യൻഷിപ് കയ്യെത്തും ദൂരത്ത് എത്തിയപ്പോൾ മത്സരിക്കാനുള്ള സൈക്കിൾ ഇല്ല എന്നതാണ് അഖിലിനെ വേദനിപ്പിക്കുന്നത്. കുറഞ്ഞത് രണ്ടര ലക്ഷം രൂപ വില വരുന്ന സ്പോർട്സ് സൈക്കിൾ വാങ്ങാനുള്ള സാമ്പത്തികഭദ്രത അഖിലിന്റെ കുടുംബത്തിനില്ല.
ഒട്ടേറെ സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ ജേതാവായിട്ടുള്ള അഖിലിന്റെ സ്വപ്നമാണ് ദേശീയ ചാംപ്യൻഷിപ്. നാലു വർഷക്കാലമായി സൈക്ലിങ് രംഗത്ത് അഖിലും സഹോദരൻ അർജുനും ചേറ്റുകുഴി നവജീവൻ സൈക്ലിങ് ക്ലബ്ബിൽ നിന്നു പരിശീലനം നേടുകയും ഇടുക്കി സൈക്ലിങ് അസോസിയേഷന്റെ പരിശീലകനായ പി.കെ. രാജേഷിന്റെ ശിക്ഷണത്തിൽ വിവിധ സൈക്ലിങ് മത്സരങ്ങളിൽ പങ്കെടുത്ത് ജില്ലാ, സംസ്ഥാന തലങ്ങളിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൊടുപുഴ ഇടവെട്ടിയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ ഇടുക്കി ജില്ലയിൽ നിന്നു മത്സരിച്ച അഖിൽ ഗിരീഷ് നാലാമനായാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.
സൈക്കിൾ സ്പോൺസർ ചെയ്യാൻ തയാറായി ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഈ കായികതാരം. വണ്ടൻമേട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അഖിൽ.