‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷം ഇന്നും നാളെയും

Mail This Article
കോട്ടയം ∙ കേരളത്തിന്റെ ഹൃദയതാളത്തിനൊപ്പം മലയാള മനോരമ സഞ്ചരിക്കാൻ തുടങ്ങിയിട്ട് 25 വർഷം. ആഹ്ലാദവും ചാരിതാർഥ്യവും ഹൃദയം നിറയ്ക്കുന്ന ദൗത്യത്തിന്റെ ജൂബിലി ആഘോഷം ഇന്നും നാളെയുമാണ്. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ തുടക്കം ഇന്ന് എല്ലാ ജില്ലകളിലും കൂട്ടയോട്ടത്തോടെയാണ്. കർമോത്സുകതയ്ക്ക് ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയ ദിന സന്ദേശം പ്രചരിപ്പിക്കാനാണ് ഇന്നു രാവിലെ കേരളം ഒരുമിച്ച് ഓടാനിറങ്ങുന്നത്.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ 3.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. ഇന്ത്യയുടെ മിസൈൽ വനിതയും നൂറുൽ ഇസ്‌ലാം സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. ‘ഹൃദയപൂർവം @ 25’ പോസ്റ്റൽ കവർ പ്രകാശനം മദ്രാസ് മെഡിക്കൽ മിഷൻ ചെയർമാനും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി നിർവഹിക്കും.
രാവിലെ 10.30ന് ഹൃദയാരോഗ്യം സംബന്ധിച്ച അറിവുകൾ പങ്കുവയ്ക്കാൻ വിദഗ്ധരുടെ പാനൽ ചർച്ചയുമുണ്ട്. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മുതൽ കലാസന്ധ്യ. 1999 മുതൽ കഴിഞ്ഞ വർഷം വരെ നടത്തിയ ഹൃദയ പരിശോധനാ ക്യാംപുകളിലെ അപൂർവ നിമിഷങ്ങളുടെ ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
25 വർഷം, 2500 ശസ്ത്രക്രിയകൾ
നിർധനരായ ഹൃദ്രോഗികൾക്കു പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മലയാള മനോരമ 1999 ൽ ആരംഭിച്ച പദ്ധതിയാണ് ഹൃദയപൂർവം. സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയപരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. അതിൽ 1500 ശസ്ത്രക്രിയകൾ കുട്ടികൾക്കായിരുന്നു.