ആദ്യ സംരംഭക വർഷം: നാലിലൊന്നും പൂട്ടി

Mail This Article
തിരുവനന്തപുരം ∙ വ്യവസായ വകുപ്പിൽ, സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ആദ്യവർഷം ആരംഭിച്ച സംരംഭങ്ങളിൽ നാലിലൊന്നും പൂട്ടിപ്പോയെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി. സംരംഭകവർഷം പദ്ധതി പ്രഖ്യാപിച്ച 2022–23ൽ 1,39,839 സംരംഭങ്ങളാണു തുടങ്ങിയത്. ഇതിൽ 34,874 എണ്ണം പ്രവർത്തനം അവസാനിപ്പിച്ചതായി വ്യവസായ വകുപ്പിന്റെ സർവേയിൽ കണ്ടെത്തിയിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട്, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വിപണന പ്രശ്നം, തൊഴിൽ പ്രശ്നം, സർക്കാരിൽനിന്നുള്ള വിവിധ അനുമതികളുടെ അഭാവം എന്നിവയെല്ലാമാണു പൂട്ടിപ്പോയതിനു കാരണം. ഉടമയുടെ മരണവും ശാരീരിക വൈകല്യവും മൂലം പൂട്ടിയവയുമുണ്ട്. ദേശീയതലത്തിൽ ചെറുകിട സംരംഭങ്ങളിൽ ശരാശരി 25–30 % ഒരുവർഷത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നാണു കണക്ക്. ആദ്യ സംരംഭകവർഷത്തിൽ കേരളത്തിലും ഇതേനില തുടർന്നു.
അതേസമയം, രണ്ടാം സംരംഭകവർഷം പദ്ധതിയിൽ 9% മാത്രമാണു പൂട്ടിപ്പോകൽ. 2023–24ൽ 1,03,596 സംരംഭങ്ങളാണു തുടങ്ങിയത്. ഇവയിൽ 9,324 സംരംഭങ്ങൾ മാത്രമാണു പൂട്ടിയതെന്നു കഴിഞ്ഞവർഷം നടത്തിയ സർവേയിൽ കണ്ടെത്തി. പൂട്ടിപ്പോകുന്ന സംരംഭങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നാണ് ഈ കണക്കു സൂചിപ്പിക്കുന്നത്. മൂന്നാം സംരംഭകവർഷം പദ്ധതിയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ 96105 സംരംഭമാണു തുടങ്ങിയത്. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി 3,39,540 സംരംഭങ്ങളിലൂടെ 21798.82 കോടി രൂപയുടെ നിക്ഷേപവും 7,20,106 തൊഴിലവസരവും സൃഷ്ടിച്ചെന്നു വ്യവസായവകുപ്പ് അവകാശപ്പെടുന്നു.