വെടിയുണ്ടയുണ്ടോ സർ ഒരു തോക്കെടുക്കാൻ?; വടിയുമായി കാട്ടിൽ റോന്തു ചുറ്റാൻ പോകേണ്ട അവസ്ഥയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ

Mail This Article
കോട്ടയം ∙ വനംവകുപ്പിന്റെ സഞ്ചിയിലെ വെടിയുണ്ടകൾ തീർന്നുതുടങ്ങി. ആവശ്യത്തിനു തോക്കുകളുമില്ല. കോവിഡ് കാലത്തിനു ശേഷം മനുഷ്യ–വന്യമൃഗ സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ കാട്ടാനകളെയും മറ്റു മൃഗങ്ങളെയും വിരട്ടിയോടിക്കാൻ തോക്കെടുത്തതാണു വെടിയുണ്ട ക്ഷാമത്തിനു കാരണം. തോക്കും വെടിയുണ്ടകളും വാങ്ങാനുള്ള പണം അനുവദിക്കാത്തതു മറ്റൊരു കാരണം. വടിയുമായി കാട്ടിൽ റോന്തു ചുറ്റാൻ പോകേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
കാട്ടാനയെ വിരട്ടിയോടിക്കാൻ വനംവകുപ്പ് 202–റൈഫിളും 12 ബോർ റൈഫിളും 315, 305 റൈഫിളും പമ്പ് ആക്‌ഷൻ ഗണ്ണുകളുമാണ് ഉപയോഗിക്കുന്നത്. പടക്കം എറിഞ്ഞും ആനക്കൂട്ടത്തെ കാടുകയറ്റാറുണ്ട്. പടക്കം വാങ്ങാൻ പോലും പണമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വെടിയുണ്ടകൾ വാങ്ങണമെങ്കിൽ ആദ്യം കലക്ടറുടെ അനുമതി തേടണം. അനുമതി ലഭിച്ച ശേഷം സർക്കാർ ആർമറിയിൽനിന്നോ സ്വകാര്യ ആർമറികളിൽ നിന്നോ വെടിയുണ്ട വാങ്ങാം.
വനംവകുപ്പിനു പണമില്ലാതെ വന്നതോടെ ജീവനക്കാരുടെ സ്വന്തം പോക്കറ്റിൽനിന്നു പണം മുടക്കേണ്ട സഥിതിയെത്തി. പലയിടത്തും ഉപയോഗിക്കാൻ വെടിയുണ്ടയും തോക്കുമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കാട്ടാനയെ ഓടിക്കാൻ ഉപയോഗിക്കുന്ന കാട്രിജുകളിൽ മുത്തുകളാണ് നിറച്ചിരിക്കുന്നത്. വെടിവയ്ക്കുമ്പോൾ വലിയ ശബ്ദം ഉണ്ടാകും. ആനയുടെ ദേഹത്തേക്ക് മുത്തുകൾ തറച്ചു കയറിയാലും അവ ഏതാനും മാസത്തിനുള്ളിൽ പുറത്തുവരുന്നവയാണ്. ഇത്തരം കാട്രിജുകളാണ് ഇപ്പോൾ ലഭ്യമല്ലാത്തത്.