കെഎഫ്സിയിൽ വിചിത്ര തീരുമാനം; 60 കോടി പോയത് കാര്യമാക്കില്ല, വാർത്ത ചോർന്നത് അന്വേഷിക്കും

Mail This Article
തിരുവനന്തപുരം ∙ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ 60.80 കോടി രൂപ നിക്ഷേപിക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) തീരുമാനിച്ചതിന്റെ രേഖകൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം. കെഎഫ്സി മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് വിജിലൻസ് ഓഫിസർ വി.എസ്.ഷാജുവിനോടാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ തുക നിക്ഷേപിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് അന്വേഷണമില്ല.
സിപിഎം എംഎൽഎ ഡി.കെ.മുരളിയുടെ സാന്നിധ്യത്തിൽ നടന്ന കോർപറേഷനിലെ ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം അന്വേഷണത്തിന് സമ്മർദം ചെലുത്തിയിരുന്നു. 2018 ഏപ്രിൽ 19ന് ചേർന്ന കോർപറേഷന്റെ അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗമാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കാപിറ്റൽ ഫിനാൻസ് ലിമിറ്റഡിൽ (ആർസിഎഫ്എൽ) 60.80 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചത്.
അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖ പ്രതിപക്ഷ നേതാവിന്റെ കൈവശം എത്തണമെങ്കിൽ ഉന്നസ്ഥാനത്തു ബന്ധമുള്ളവർക്കും പങ്കുണ്ടാകുമെന്ന് ഈ വിഭാഗം ആരോപിച്ചു. ഇടപാടിൽ ഒത്തുകളി നടന്നതിനെക്കുറിച്ചു പാർട്ടി അന്വേഷിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ തർക്കമായി. ഇടപെട്ട മുരളി ചർച്ച ഇവിടെ അവസാനിപ്പിക്കണമെന്നും പണം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് കോർപറേഷൻ മാധ്യമങ്ങൾക്കു നൽകിയ വിശദീകരണത്തിൽ ബ്രാഞ്ചു കമ്മിറ്റി ഉറച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടു.
പാർട്ടിതല അന്വേഷണം വേണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യത്തിന് തടയിട്ടശേഷമാണ് എംഎൽഎ മടങ്ങിയത്. ബ്രാഞ്ച് കമ്മിറ്റിയിൽ അന്വേഷണം ആവശ്യപ്പെട്ടവർ പിന്നാലെ ശ്രീറാമിനെ കണ്ടു. തുടർന്നാണ് അന്വേഷണം കോർപറേഷന്റെ വിജിലൻസ് വിഭാഗത്തിനു വിട്ടത്.
ഒത്തുകളിയെന്ന് സംശയം ബലപ്പെട്ടു
കെഎഫ്സി 2018 ഏപ്രിൽ 19നാണ് തുക നിക്ഷേപിക്കാൻ തീരുമാനിച്ചത്. പിറ്റേന്ന് ധനസമാഹരണത്തിന് കമ്പനി വിജ്ഞാപനം പുറപ്പെവിച്ചു. 61 കോടി രൂപയാണു സമാഹരിക്കുന്നതെന്നും അതിൽ പറഞ്ഞിരുന്നു. പിന്നാലെ കോർപറേഷൻ 60.80 കോടി രൂപ നിക്ഷേപിച്ചു. വിജ്ഞാപനം വരുന്നതിന്റെ തലേന്നു തീരുമാനം എടുക്കുകയും കമ്പനി സമാഹരിക്കാൻ ഉദ്ദേശിച്ച തുക തന്നെ നിക്ഷേപിച്ചതും കോർപറേഷനിലെയും റിലയൻസ് കമ്പനിയിലെയും ഉന്നതർ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് സംശയം. കമ്പനി പൂട്ടിയപ്പോൾ 7 കോടി രൂപയാണ് കോർപറേഷന് ലഭിച്ചത്. ശേഷിക്കുന്ന തുക നഷ്ടമായി.