പാലിയത്തലിഞ്ഞു, പാട്ടിൻ നിലാച്ചന്ദ്രൻ

Mail This Article
പറവൂർ (കൊച്ചി) ∙ മൂന്നു തലമുറയുടെ പ്രണയഭാവങ്ങൾക്കു മധുരരാഗങ്ങളാൽ പൂർണതയേകിയ പ്രിയ ഗായകൻ പി.ജയചന്ദ്രനു മലയാളത്തിന്റെ അന്ത്യാഞ്ജലി. ഇടമുറിയാതെ ഒഴുകിയെത്തിയ ആരാധകരും സ്നേഹിതരും ബന്ധുക്കളുമുൾപ്പെടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ചേന്ദമംഗലം പാലിയം നാലുകെട്ടിനു സമീപത്തെ ‘പിതൃസ്മൃതി’യിൽ ഗായകന്റെ ഭൗതികശരീരം അഗ്നിയിൽ ലയിച്ചു. തൃശൂർ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ മണ്ണത്ത് വീട്ടിൽനിന്നെടുത്ത മൃതദേഹം രാവിലെ 9ന് ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു.
ബാല്യം പിച്ചവച്ചു നടന്ന, ചേന്ദമംഗലം പാലിയം നാലുകെട്ടിലേക്ക് എത്തിച്ചതു 10.30ന്. ഉച്ചയ്ക്കു 3.30ന് ആയിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ, മൊബൈൽ ഫ്രീസറിൽ നിന്നു പുറത്തെടുത്ത മൃതദേഹം അധികസമയം വയ്ക്കുന്നത് ഉചിതമാകില്ലെന്ന മകളുടെ അഭ്യർഥന മാനിച്ചു സംസ്കാരം നേരത്തെയാക്കി. 12.30ന് നാലുകെട്ടിന്റെ കിഴക്കിനിയിൽ അന്ത്യകർമങ്ങൾക്കു തുടക്കമായി. അടുത്ത ബന്ധുക്കൾക്കു മാത്രമായിരുന്നു പ്രവേശനം. ചടങ്ങുകൾ പൂർത്തിയാക്കി ചിതയിലേക്ക് എടുക്കുമ്പോൾ സമയം 1.10. തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു. മകൻ ദിനനാഥ് ചിതയ്ക്കു തീ കൊളുത്തി.
സംസ്കാരം നേരത്തെ ആക്കിയതിനാൽ ഒട്ടേറെപ്പേർക്കു പ്രിയഗായകനെ അവസാനമായി കാണാനായില്ല. പലരും ചിതയുടെ മുന്നിൽ കണ്ണീരടക്കാനാവാതെ കൈ കൂപ്പി നിന്നു. മന്ത്രി ആർ.ബിന്ദു, തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ഭൗതിക ശരീരം വഹിച്ച വാഹനത്തെ അനുഗമിച്ചിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, സജി ചെറിയാൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എംപി, കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, വി.എസ്.സുനിൽകുമാർ, തോമസ് ഉണ്ണിയാടൻ, ഇടവേള ബാബു, സാവിത്രി ലക്ഷ്മണൻ, എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷ്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ശ്രീകുമാരൻ തമ്പി, ബിജിബാൽ, വിജയ് യേശുദാസ്, ബിജു നാരായണൻ, സുധീപ്കുമാർ, മിൻമിനി, ലതിക തുടങ്ങിയവർ തൃശൂരും പാലിയത്തുമായി അന്ത്യാഞ്ജലി അർപ്പിച്ചു.