എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം; സിപിഎം ജില്ലാ സമ്മേളനം അവസാനിക്കും വരെ കാത്തിരിക്കുമെന്നു രാജേന്ദ്രൻ

Mail This Article
മൂന്നാർ∙ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന പ്രചാരണം വീണ്ടും ശക്തമായി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം, കേന്ദ്ര എസ്‌സി -എസ്ടി കമ്മിഷൻ ചെയർമാൻ സ്ഥാനം തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപിയിൽ നിന്ന് രാജേന്ദ്രനു ലഭിച്ചതെന്നും പ്രചാരണമുണ്ട്.
കേന്ദ്ര എസ്‌സി -എസ്ടി കമ്മിഷൻ മുതിർന്ന അംഗങ്ങൾ, ബിജെപി സംസ്ഥാന നേതാക്കൾ എന്നിവർ രാജേന്ദ്രനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചർച്ച നടത്തി. രാജേന്ദ്രൻ വരും ദിവസങ്ങളിൽ ഡൽഹിക്കു പോകുമെന്നും അറിയുന്നു. തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടന്നതായും ചില വാഗ്ദാനങ്ങൾ ലഭിച്ചതായും എസ്.രാജേന്ദ്രനും പറഞ്ഞു. എന്നാൽ ഇവ സ്വീകരിക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും സിപിഎം ജില്ലാ സമ്മേളനം അവസാനിക്കുന്നതു വരെ കാത്തിരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന എ.രാജായെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സിപിഎം എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. രാജേന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള അജിത് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.