െഎഎഎസിൽ ആളില്ല; ധനവകുപ്പിൽ ഇഷ്ടംപോലെ

Mail This Article
തിരുവനന്തപുരം ∙ കേരള കേഡറിൽ ആവശ്യത്തിന് ഐഎഎസുകാരില്ലാതെ സർക്കാർ നട്ടംതിരിയുമ്പോൾ മറ്റു വകുപ്പുകളെ അമ്പരപ്പിച്ച് ധനവകുപ്പിൽ മാത്രം 6 ഐഎഎസുകാർ. 3 ഐഎഎസ് കേഡർ പോസ്റ്റുകൾ മാത്രമുള്ള ധനവകുപ്പിൽ എങ്ങനെ ഇത്രയും പേരെ നിയമിച്ചെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല. നിലവിൽ സീനിയോറിറ്റിയിൽ മൂന്നാമനായ ഡോ.എ.ജയതിലകാണു ധനവകുപ്പിലെ അഡിഷനൽ ചീഫ് സെക്രട്ടറി. തൊട്ടുതാഴെ എക്‌സ്പെൻഡിചർ സെക്രട്ടറിയായി കേശവേന്ദ്ര കുമാറും റിസോഴ്സ് സെക്രട്ടറിയായി അജിത് പാട്ടീലുമുണ്ട്.
-
Also Read
ഐഎഎസിൽ ഇത് വിരമിക്കൽ വർഷം
ഇവ മൂന്നുമാണ് വകുപ്പിൽ നിർബന്ധമായും നിയമനം നടത്തിയിരിക്കേണ്ട കേഡർ പോസ്റ്റുകൾ. എന്നാൽ, മറ്റൊരു റിസോഴ്സ് സെക്രട്ടറിയായി കഴിഞ്ഞ വർഷം ഡോ.ശ്രീറാം വെങ്കിട്ടരാമനെക്കൂടി സർക്കാർ നിയമിച്ചു. ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയെന്ന നിലയിൽ സച്ചിൻ കുമാർ യാദവിനെയും മിർ മുഹമ്മദലിയെയും കൂടി നിയമിച്ചതോടെയാണ് വകുപ്പിലെ ഐഎഎസുകാരുടെ എണ്ണം ആറായത്. ഇതിൽ 3 ഉദ്യോഗസ്ഥർക്ക് ഒരേ ചുമതലയാണ്. അതിനാൽ, പല ഫയലുകളും ആർക്ക് അയയ്ക്കണമെന്ന് അറിയാതെ കുഴയുകയാണ് വകുപ്പിലെ ജീവനക്കാർ.
സാധാരണ, ധനവകുപ്പിലെ ഐഎഎസുകാർക്ക് മറ്റു വകുപ്പുകളിൽ സുപ്രധാന ചുമതലകൾ നൽകാറില്ല. മറ്റു വകുപ്പുകളിൽ നിന്നെത്തുന്ന ഫയലുകളിൽ സാമ്പത്തിക ബാധ്യത വരുന്ന നിർണായക തീരുമാനങ്ങൾ എടുക്കുന്നത് ധനവകുപ്പാണെന്നതാണു കാരണം. എന്നാൽ, ഇപ്പോൾ ആ കീഴ്‌വഴക്കവും മറികടന്നു. കെ.ഗോപാലകൃഷ്ണൻ സസ്പെൻഷനിലായതോടെ മിർ മുഹമ്മദലിയെ വ്യവസായ ഡയറക്ടറാക്കി. ഇതോടെ വ്യവസായ വകുപ്പിൽനിന്ന് അദ്ദേഹം അയയ്ക്കുന്ന ഫയൽ അദ്ദേഹം തന്നെ ധനവകുപ്പിൽ വന്നിരുന്നു നോക്കേണ്ടി വരുന്നു.