ഐഎഎസിൽ ഇത് വിരമിക്കൽ വർഷം

Mail This Article
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉൾപ്പെടെ പ്രധാന തസ്തികയിലുള്ള 5 ഐഎഎസ് ഉദ്യോഗസ്ഥർ ഇൗ വർഷം വിരമിക്കും. ചീഫ് സെക്രട്ടറി ഏപ്രിലിലും ഫിഷറീസ്, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ ഇൗ മാസവുമാണു വിരമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ അഡിഷനൽ ചീഫ് സെക്രട്ടറി ഇഷിത റോയി മാർച്ചിൽ വിരമിക്കും. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മേയിലും കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഏപ്രിലിലുമാണ് വിരമിക്കുന്നത്. ഇവർക്കെല്ലാം മൂന്നും നാലും വകുപ്പുകളുടെ ചുമതലയുണ്ട്.
-
Also Read
െഎഎഎസിൽ ആളില്ല; ധനവകുപ്പിൽ ഇഷ്ടംപോലെ
സംസ്ഥാനത്ത് 231 ഐഎഎസ് ഉദ്യോഗസ്ഥർ വേണമെങ്കിലും നിലവിൽ 126 പേർ മാത്രമാണുള്ളത്. ഇതിൽ 24 പേർ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. 2 പേർ എഡിബിയിൽ ഡപ്യൂട്ടേഷനിൽ പോയി. ഉന്നതപഠനത്തിനു വിദേശത്തുപോയത് 4 പേർ. ഒരാൾ ഇതര സംസ്ഥാനത്തേക്ക് ഡപ്യൂട്ടേഷനിലാണ്. മറ്റൊരാൾ ദീർഘകാല അവധിയിലുമാണ്. എൻ.പ്രശാന്ത് സസ്പെൻഷനിലും തുടരുന്നു. ഫലത്തിൽ 126 ൽ 33 പേർ കേരളത്തിൽ സർവീസിൽ ഇല്ല. നിലവിലുള്ള ഉദ്യോഗസ്ഥർക്ക് നാലും അഞ്ചും വകുപ്പുകളുടെ ചുമതലയുള്ളതോടെ, സുപ്രധാന വകുപ്പുകൾ പോലും ശ്രദ്ധിക്കാൻ ആളില്ലെന്നതാണു സ്ഥിതി.
ശാരദ മുരളീധരൻ ഏപ്രിലിൽ വിരമിക്കുമ്പോൾ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷിയാണ് ചീഫ് സെക്രട്ടറിയാകേണ്ടത്. എന്നാൽ അദ്ദേഹം കേന്ദ്രസർക്കാരിന്റെ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് സെക്രട്ടറിയായതിനാൽ കേരളത്തിലേക്കു മടങ്ങിവരാൻ സാധ്യത കുറവാണ്. മനോജ് ജോഷി എത്തിയാൽ 2027 ജനുവരി വരെ അദ്ദേഹം ചീഫ് സെക്രട്ടറിയായി തുടരും. അങ്ങനെയെങ്കിൽ സീനിയോറിറ്റിയിൽ തൊട്ടുതാഴെയുള്ള ധനകാര്യ , നികുതി വകുപ്പുകളുടെ അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യതയില്ല. മനോജ് ജോഷി കേരളത്തിലേക്കില്ലെങ്കിൽ ജയതിലക് 2026 ജൂൺ വരെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയാകും. ഇതിനിടെ, ഐഎഎസ് ഉദ്യോഗസ്ഥരുടെ പോരിൽ സർക്കാർ അതൃപ്തിയിലാണ്.