കുവൈത്ത് ജോലിത്തട്ടിപ്പ്: യുവതികൾ നാട്ടിലെത്തി

Mail This Article
കുവൈത്ത് സിറ്റി∙വ്യാജ വാഗ്ദാനം നൽകി കുവൈത്തിൽ ശമ്പളവും ഭക്ഷണവും നൽകാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് തിരിച്ചെത്തിയത്. റിക്രൂട്ടിങ് ഏജന്റ് മർദിച്ചതിനാൽ ദീപ അവശനിലയിലാണ്. നാലു മാസത്തെ ശമ്പളം നൽകാതെ, രഹസ്യമായി നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
ശാരീരിക, മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിക്രൂട്ടിങ് ഏജന്റുമാർക്കും ഇടനിലക്കാർക്കുമെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും നോർക്കയ്ക്കും പരാതി നൽകുമന്ന് ദീപയും ഇന്ദുമോളും പറഞ്ഞു. മോശം തൊഴിൽ സാഹചര്യത്തെക്കുറിച്ചു പരാതി പറഞ്ഞപ്പോൾ നാട്ടിലേക്കു തിരിച്ചുപോകാൻ 2 ലക്ഷം രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. സ്വന്തം തീരുമാനമനുസരിച്ചാണു പോകുന്നതെന്നും ശമ്പള കുടിശ്ശികയോ പരാതിയോ ഇല്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.