മെസി ഒക്ടോബർ 25ന് കേരളത്തിൽ വരുമെന്നു മന്ത്രി; പിന്നെപ്പറയാമെന്ന് തിരുത്തും

Mail This Article
കോഴിക്കോട് ∙ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം. മെസി ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി.അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചിരുന്നു.
ഫറോക്ക് ചെറുവണ്ണൂർ മറീനയിൽ സ്വകാര്യ പരീക്ഷാപരിശീലന സ്ഥാപനം വിദ്യാർഥികൾക്കായി കഴിഞ്ഞ ദിവസം നടത്തിയ പ്രചോദനാത്മക പരിപാടിയിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ, പിന്നീട് ഇതു സംബന്ധിച്ച വിശദീകരണത്തിൽ മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.
ഒക്ടോബർ 25ന് കേരളത്തിലെത്തുന്ന മെസി നവംബർ രണ്ടുവരെ കേരളത്തിൽ തുടരുമെന്നാണു മന്ത്രി പറഞ്ഞത്. രണ്ടു സൗഹൃദമത്സരങ്ങൾക്കു പുറമേ 20 മിനിറ്റുള്ള ഒരു പൊതുപരിപാടിയിലും മെസി പങ്കെടുക്കുമെന്ന് മന്ത്രി വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.
ഇതിനു പിറകെയാണ് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ ‘ഇതു നമുക്കു പിന്നെപ്പറയാം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യചടങ്ങിൽ മോട്ടിവേഷൻ ക്ലാസിനിടെ കുട്ടികളോടു പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങളിൽനിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.