ഹൃദയം നിറയെ നന്ദി

Mail This Article
ഈ കുറിപ്പ് ഹൃദയംകൊണ്ടാണ് ഞാനെഴുതുന്നത്. മലയാള മനോരമ 25 വർഷം മുൻപു മദ്രാസ് മെഡിക്കൽ മിഷനുമായി കൈകോർത്തു തെളിച്ചൊരു ദീപനാളം ഇന്ന് എത്രയോ പേരുടെ ഹൃദയം പ്രകാശിപ്പിക്കുമ്പോൾ, എത്രയോ കുടുംബങ്ങൾക്കു സന്തോഷം പകരുമ്പോൾ അതു ഹൃദയംകൊണ്ടു തന്നെയല്ലേ എഴുതേണ്ടത്?
വിനീതമായി 1999ൽ തുടക്കം കുറിച്ചൊരു ദൗത്യമാണ് 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തി ഇങ്ങനെ വലുതായത്. ഇത്രയും പേരുടെ ഹൃദയ സൗഖ്യത്തിലേക്കു വഴി കാണിച്ചു തന്ന ദൈവത്തോടും സാമൂഹിക പ്രതിബദ്ധതയോടെ ഈ ദൗത്യത്തിൽ സഹകരിക്കുന്ന മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാരോടും ഇതോടൊപ്പമുള്ള ഒട്ടേറെ സുമനസ്സുകളോടുമുള്ള നന്ദി ഈ വേളയിൽ എന്റെ ഹൃദയം നിറയ്ക്കുന്നു.
മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന എന്റെ പിതാവ് കെ.എം.മാത്യുവാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. അൻപതു പേർക്കു സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താൻ പോകുന്നുവെന്ന വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ഒരാഴ്ചയ്ക്കിടെ അയ്യായിരത്തോളം അപേക്ഷകളാണ് മനോരമയിൽ ലഭിച്ചത്. അപേക്ഷകളുടെ പെരുപ്പവും അവയിൽ തെളിഞ്ഞുവന്ന നിർധന കുടുംബങ്ങളുടെ സങ്കടവും പദ്ധതി വിപുലപ്പെടുത്താൻ പ്രേരകമാവുകയായിരുന്നു.
ഈ ദൗത്യത്തിന് ‘ഹൃദയപൂർവം’ എന്നു തന്നെ പേരിട്ട എന്റെ പിതാവിന് ഏറ്റവും അർഹരിലേക്കാണ് ഇതിന്റെ പ്രയോജനം എത്തേണ്ടതെന്ന നിർബന്ധമുണ്ടായിരുന്നു. കേരളത്തിലെ ഓരോ പ്രദേശത്തുമുള്ള മനോരമ ഏജന്റുമാരാണ് അർഹരായ രോഗികളെ കണ്ടെത്തിയത്. ഇന്ന് ആയിരക്കണക്കിനു കുട്ടികളടക്കം എത്രയോ പേരിൽ സൗഖ്യഹൃദയങ്ങൾ മിടിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ മനോരമ ഏജന്റുമാർ മുതൽ ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർമാർവരെയുള്ളവരാണ്.
ഈ രജതജൂബിലിവേള ‘ഹൃദയപൂർവം’ പദ്ധതി കൂടുതൽ വിപുലപ്പെടുത്തേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് മലയാള മനോരമയെ ഓർമിപ്പിക്കുന്നു. ശസ്ത്രക്രിയകളിലൂടെ ഇതിനകം രോഗമുക്‌തി നേടിയ കുഞ്ഞുങ്ങളുടെ പുഞ്ചിരി ആ പാതയിൽ ആത്മവിശ്വാസം പകരാൻ ഞങ്ങൾക്കൊപ്പമുണ്ട്.