അതിർത്തി ചെക്പോസ്റ്റുകളിലെ കൈക്കൂലി; നിരീക്ഷണ സംവിധാനം ഒരുക്കി വിജിലൻസ്

Mail This Article
പാലക്കാട് ∙ ചെക്പോസ്റ്റുകളിൽ വാഹനങ്ങളിൽ നിന്നു വാങ്ങുന്ന കൈക്കൂലിപ്പണം കൈകാര്യംചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായ വിശ്വസ്തരെ ഏജന്റുമാരായി നിയമിക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചു.
പ്രാദേശിക ഏജന്റുമാർ കൂടാതെയുള്ള ഈ വിശ്വസ്ഥരുടെ ജോലി, ദിനംപ്രതി കൈക്കൂലിപ്പണം ജില്ലയിൽനിന്നു കടത്തലാണ്. ചെക്പോസ്റ്റ് ഡ്യൂട്ടി ഉദ്യോഗസ്ഥന്റെ കൈവശമുള്ള യഥാർഥ പണത്തെക്കാൾ കൂടുതൽ തുക റജിസ്റ്ററിൽ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. കൈക്കൂലിപ്പണത്തിനു തുല്യമായ തുക കൈവശ പണമായി രേഖപ്പെടുത്തുന്ന രീതിയുമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ടെലിഗ്രാം വഴിയാണ് ഏന്റുമാരുമായുള്ള ഉദ്യോഗസ്ഥരുടെ പണമിടപാട് ആശയവിനിമയം. നേരത്തേ ഇതു വാട്സാപ്പിലായിരുന്നു. കഴിഞ്ഞദിവസത്തെ മൂന്നു മണിക്കൂർ റെയ്ഡിൽ 1.49 ലക്ഷം രൂപ കണ്ടെടുത്തതിനെ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് നീരീക്ഷണ സംവിധാനം ഏർപ്പെടുത്തി.
വാളയാർ അടക്കം 5 അതിർത്തി ചെക്പോസ്റ്റുകളിലാണു വിജിലൻസ് സ്പെഷൽസെൽ മധ്യമേഖലാ എസ്പി എസ്.ശശിധരൻ, പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ വിജിലൻസ് ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തിയത്.
വേഷംമാറിയ വിജിലൻസ് സംഘം കൈക്കൂലി നൽകിയ 55 വാഹനങ്ങൾ പിന്തുടർന്ന് ഡ്രൈവർമാരിൽ നിന്ന് ഇടപാടിന്റെ വിവരങ്ങൾ ശേഖരിച്ചു. 50 മുതൽ 5,000 രൂപ വരെയാണു കൈക്കൂലി നിരക്ക്. ശബരിമല വാഹനങ്ങൾ 3,000 രൂപ നൽകണം. കൈക്കൂലി വിഹിതം കൈപ്പറ്റുന്നവരെക്കുറിച്ചും വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൈക്കൂലി നൽകുന്നവർക്കെതിരെയും നടപടിക്കു നിയമോപദേശം തേടും.
റെയ്ഡിനുശേഷം ചില വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ പരിശോധിക്കാതെ കടത്തിവിട്ടതു വിജിലൻസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർ സ്ഥിരം ഇടപാട് നടത്തുന്നവരാണെന്നാണു സംശയം. ജിഎസ്ടി വരുന്നതിനു മുൻപ് ചെക്പോസ്റ്റുകളിൽ ഉണ്ടായിരുന്ന പണമിടപാടിന് ഇപ്പോഴും കാര്യമായി മാറ്റം വന്നിട്ടില്ലെന്നാണു വിജിലൻസ് വിലയിരുത്തൽ.