ഇഷ്ടമുള്ളത് കഴിക്കാം; ഇഷ്ടമുള്ളത്ര വേണ്ട

Mail This Article
കോട്ടയം ∙ കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നും എന്നാൽ കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നും യുവാക്കളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധർ. കൊളസ്ട്രോൾ ഉണ്ടാകുന്നതിനാൽ മാത്രമാണ് ഹൃദ്രോഗം സംഭവിക്കുന്നതെന്ന തോന്നൽ തെറ്റാണ്. ശരീരത്തിന് ആവശ്യമായ ഘടകമാണ് കൊളസ്ട്രോളെന്നും എന്നാൽ അത് അമിതമാകരുതെന്നും ഡോക്ടർമാർ പറഞ്ഞു. ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ.അജിത് മുല്ലശ്ശേരി, അഡൽറ്റ് കാർഡിയോളജി ഡയറക്ടർ ഡോ.വി.എം.കുര്യൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. വിജിത് കോശി ചെറിയാൻ എന്നിവർ പങ്കെടുത്തു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ചർച്ച നിയന്ത്രിച്ചു.
ഉറക്കം ഉറപ്പാക്കണം:ഡോ. അജിത് മുല്ലശ്ശേരി
ഉറക്കമില്ലായ്മ ഹൃദയാരോഗ്യത്തെ ബാധിക്കും. 8 മണിക്കൂർ തികച്ച് ഉറങ്ങണമെന്നില്ല. 4 മണിക്കൂർ ഉറങ്ങിയാലും നല്ല ഉറക്കം ലഭിച്ചാൽ ശരീരം പുനഃസജ്ജമാകും. പകൽ സമയം അര മണിക്കൂർ ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതാണ്. രാത്രി ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിഞ്ഞ് ഉറങ്ങുക.
നടത്തത്തോട് നോ പറയരുത്: ഡോ.വി.എം.കുര്യൻ
അര കിലോമീറ്ററെങ്കിലും നടക്കാൻ അവസരം ലഭിച്ചാൽ നോ പറയരുത്. സുഹൃത്തുക്കൾക്കൊപ്പം തമാശ പറഞ്ഞ് പതിയെ നടക്കുന്നതും വ്യായാമമാണ്. ഓഫിസ് ജോലി ചെയ്യുന്നവർ ഇടവേളകളിൽ 15 മിനിറ്റ് നടക്കണം.
അമിതവ്യായാമം വേണ്ട: ഡോ.വിജിത് കോശി ചെറിയാൻ
വ്യായാമം തുടങ്ങുന്നതിനു മുൻപ് ഹൃദയ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. 30 വയസ്സ് കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ ഹൃദ്രോഗ പരിശോധന നടത്തണം. മാനസിക സംഘർഷം, പിരിമുറുക്കം എന്നിവ ഒഴിവാക്കി വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉറപ്പാക്കണം.